കെ.സി വേണുഗോപാൽ
ന്യൂഡല്‍ഹി: സി.പി.എമ്മുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്ന മുതിര്‍ന്ന നേതാവ് ജി.സുധാകരനുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. 'അദ്ദേഹവുമായി ഇതുവരെയും ചര്‍ച്ച നടത്തിയിട്ടില്ല. സിപിഎമ്മില്‍ ഉറച്ചുനില്‍ക്കുന്നുവെന്നാണ് മനസിലാക്കുന്നത്'. ജി.സുധാകരനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സുധാകരനുമായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് കെ.സിയുടെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാര്‍ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എല്ലാ തലങ്ങളിലും ചര്‍ച്ച നടത്തിയാകും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.'സ്‌ക്രീനിങ് കമ്മിറ്റി ഒരു തവണ മീറ്റിങ് കൂടിയിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അധികം താമസിയാതെ തന്നെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിടും. നൂറിലധികം സീറ്റുകള്‍ നേടി യു.ഡി.എഫ് വിജയിക്കേണ്ടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ്. അതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തും.' കെ.സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.
നേരത്തെ, സി.പി.എം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയില്‍ നിന്ന് അവഗണന നേരിട്ടെന്നും പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കാതെ മാറിനില്‍ക്കുകയാണെന്നും പറഞ്ഞുള്ള സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടിട്ടും പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാന്‍ സുധാകരന്‍ വിസമ്മതിക്കുകയും ചെയ്തു. പിന്നാലെ, എം.എ ബേബിയടക്കമുള്ള നേതാക്കള്‍ ഇടപെട്ടതോടെ താന്‍ പാര്‍ട്ടി അനുഭാവിയായി തുടരുമെന്ന് സുധാകരന്‍ പ്രതികരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.