കങ്ങരപ്പടി റോഡ് വീതി കൂട്ടലുമായി ബന്ധപ്പെട്ട് മന്ത്രി പി.രാജീവ് തേവയ്ക്കലിൽ സന്ദർശനം നടത്തുന്നു

തേവയ്ക്കലിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകുമെന്ന് പി. രാജീവ്

കൊച്ചി: തേവയ്ക്കലിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള തുടർനടപടികൾക്ക് രൂപം നൽകുമെന്ന് മന്ത്രി പി. രാജീവ്. കങ്ങരപ്പടി റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം രൂപീകരിക്കാനായി ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കങ്ങരപ്പടിയിൽ മിനി സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു.

1.4 കിലോമീറ്റര്‍ റോഡാണ് വീതി കൂട്ടുന്നത്. 40 കോടി രൂപ പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ഒരു കോടി രൂപയാണ് പ്രാരംഭ ചെലവുകൾക്കായി ഒടുവിലെ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്. കങ്ങരപ്പടി റോഡ് 18.5 മീറ്ററില്‍ വീതി കൂട്ടാനാണ് പദ്ധതി. രണ്ടു വശങ്ങളിലും ഏഴര മീറ്ററിന്റെ ക്യാരേജ് വേയും ഒന്നര മീറ്റര്‍ വീതമുള്ള ഫുട്പാത്ത് കം ഡ്രെയ്‌നേജും മധ്യഭാഗത്ത് 50 സെന്റിമീറ്റര്‍ മീഡിയനുമായുളള നിര്‍ദേശമാണ് സമര്‍പ്പിച്ചിട്ടുളളത്. ഇതുമായി ബന്ധപ്പെട്ട യോഗമാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്.

കങ്ങരപ്പടിയിൽ മിനി സ്‌റ്റേഡിയം നിർമ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. 34 മീറ്ററില്‍ ഗ്യാലറി, മൈതാനത്തിന്റെ ചുറ്റുമതില്‍, രണ്ട് ഗേറ്റുകള്‍, ഡ്രസ് ചെയ്ഞ്ചിംഗ് റൂമും ടോയ്‌ലെറ്റും ഉള്‍പ്പെടെയുള്ള സ്റ്റേജ്, ഗ്രൗണ്ട് ലെവലിംഗ്, നിലവിലുള്ള ചുറ്റുമതിലിന്റെ അറ്റകുറ്റപ്പണി, ഡ്രെയ്‌നേജ് സംവിധാനമൊരുക്കല്‍ എന്നിവയാണ് സ്റ്റേഡിയം വികസനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. തേവയ്ക്കൽ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ബസ് സ്റ്റോപ്പുകളുടെ സ്ഥാനം പുന:ക്രമീകരിക്കാനും ധാരണയായി.

റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച തുടർനടപടികളിലേക്ക് കടക്കാൻ യോഗത്തിൽ ധാരണയായി. നവകേരള സദസിൽ ഇതു സംബന്ധിച്ച് ഉയർന്ന നിർദ്ദേശങ്ങളും പരിഗണിച്ചാണ് റോഡിന് തുക അനുവദിച്ചത്. ഗതിശക്തി പദ്ധതിയിൽ ഇടപ്പള്ളി - മുവാറ്റുപുഴ റോഡ് വികസനം ഉൾപ്പെടുത്താനുള്ള നിർദേശം സമർപ്പിച്ചതായും മന്ത്രി പറഞ്ഞു.

ഇടപ്പള്ളി-മുവാറ്റുപുഴ റോഡിലെ മുണ്ടംപാലം മുതല്‍ കങ്ങരപ്പടി വരെയുള്ള റോഡ് വീതി കൂട്ടി വികസിപ്പിക്കുന്ന പദ്ധതിയും കങ്ങരപ്പടി മിനി സ്റ്റേഡിയവും യാഥാര്‍ഥ്യമാകുന്നു. സംസ്ഥാന ബജറ്റിൽ റോഡ് വികസനത്തിന് ഒരു കോടി രൂപ വകയിരുത്തിയതോടെ തുടർനടപടികളിലേക്ക് കടന്നു. പതിനെട്ടര മീറ്ററിൽ റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിനുള്ള നിര്‍ദേശം യോഗം ഏകകണ്ഠമായി അംഗീകരിച്ചു.

കങ്ങരപ്പടി ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ കൗൺസിലർ കെ.എച്ച് സുബൈർ അധ്യക്ഷനായി. ഡി.പി.സി. അംഗം ജമാൽ മണക്കാടൻ, പി.ഡബ്ള്യു.ഡി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.ബഷീർ, കൗൺസിലർമാരായ കെ.കെ. ശശി, ജെസി, സി.എസ്.എ.കരിം, പി.കെ. ബേബി തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - P.Rajiv said that steps will be taken to solve the traffic jam in Thevakal.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.