തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ തലേദിവസം പോലും പോസ്റ്റൽ വോട്ട് സൗകര്യം ലഭിക്കാതെ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ. ബുധനാഴ്ച പോളിങ് സാമഗ്രികളുടെ വിതരണം നടന്ന കേന്ദ്രങ്ങളിൽ ഒരുക്കിയ ഫെസിലിറ്റേഷൻ സെന്ററുകളിൽ പോസ്റ്റൽ ബാലറ്റ് സൗകര്യം ലഭ്യമാകുമെന്നായിരുന്നു ഒടുവിലത്തെ അറിയിപ്പ്. ഫെസിലിറ്റേഷൻ സെന്ററുകളിലും ഒട്ടേറെ ജീവനക്കാർക്കുള്ള ബാലറ്റ് എത്തിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമീഷന് വീഴ്ചയുണ്ടായി.
പല പരിശീലന കേന്ദ്രങ്ങളിലും ബാലറ്റ് എത്താത്തതിനാൽ പലർക്കും തപാൽ വോട്ട് ചെയ്യാനായിരുന്നില്ല. ഇവർക്ക് പോളിങ് സാമഗ്രികളുടെ വിതരണം നടന്ന കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കിയെങ്കിലും പലർക്കും വോട്ടുള്ള ബന്ധപ്പെട്ട മണ്ഡലത്തിൽ നിന്നുള്ള ബാലറ്റുകൾ എത്തിയില്ല. ഡ്യൂട്ടി വൈകിക്കിട്ടിയവരുടെ തപാൽ വോട്ടിനുള്ള അപേക്ഷ പരിശീലന കേന്ദ്രങ്ങളിൽ സ്വീകരിക്കാൻ അധികൃതർ തയാറായില്ലെന്ന പരാതിയും വ്യാപകമാണ്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം പോളിങ് നിശ്ചയിച്ചതാണ് പ്രതിസന്ധിയായതെന്നും ഇതുകാരണമാണ് ബാലറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിക്കാൻ കഴിയാതിരുന്നതെന്നും പരാതിയുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ മുൻകൂട്ടി പോസ്റ്റൽ ബാലറ്റ് സൗകര്യം ഉപയോഗിക്കാൻ ഏർപ്പെടുത്തിയ ഫെസിലിറ്റേഷൻ സെന്ററുകളിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഇവിടെ ഏപ്രിൽ ഒന്ന് മുതൽ ഏഴ് വരെ അവധി പോലുമില്ലാതെ ജോലി ചെയ്യേണ്ടിയുംവന്നു. ഇവരിൽ പലർക്കും തൊട്ടടുത്ത ദിവസം പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലെ ഫെസിലിറ്റേഷൻ സെന്ററുകളിൽ കൂടി ഡ്യൂട്ടി നൽകിയതോടെ എട്ടുദിവസത്തെ ഡ്യൂട്ടിയാണ് ഇവരുടെ മേൽ അടിച്ചേൽപ്പിച്ചത്. പോസ്റ്റൽ ബാലറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് കമീഷന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് അധ്യാപക, സർവിസ് സംഘടനകൾ ആരോപിച്ചു. അടിയന്തരമായി ഇവർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.