മിന്നൽ ഹർത്താൽ നേരിടണമെന്ന് ഹൈകോടതി; പോപുലർ ഫ്രണ്ട് ഹർത്താൽ നിയമവിരുദ്ധം

കൊച്ചി: മിന്നൽ ഹർത്താലുകൾ ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്ന് ഹൈകോടതി. കോടതി ഉത്തരവുകൾ ലംഘിച്ച് നടത്തുന്ന ഹർത്താലുകൾ നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. പോപുലർ ഫ്രണ്ട് ഹർത്താൽ സംബന്ധിച്ച് സ്വമേധയാ കേസെടുത്ത ഡിവിഷൻ ബെഞ്ച്, ഹരജി പ്രത്യേകം പരിഗണിക്കുകയും കർശന നടപടിയെടുക്കാൻ പൊലീസിനോട് നിർദേശിക്കുകയുമായിരുന്നു. ഹർത്താലിലുണ്ടായ പ്രശ്നങ്ങളും നാശനഷ്ടങ്ങളും സർക്കാർ സ്വീകരിച്ച നടപടികളും വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ നിർദേശിച്ച കോടതി, ഹരജി വീണ്ടും 29ന് പരിഗണിക്കാൻ മാറ്റി.

ഹർത്താലിന് ഏഴുദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് 2019ൽ ഹൈകോടതിയുടെ ഉത്തരവുണ്ട്. പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താറിനെ എതിർ കക്ഷിയാക്കി വെള്ളിയാഴ്ച രാവിലെതന്നെ കോടതി ഹരജി പരിഗണിക്കുകയായിരുന്നു. കോടതിയലക്ഷ്യ നടപടികളും സ്വമേധയാ സ്വീകരിച്ചിട്ടുണ്ട്. ഹർത്താലിന്‍റെ പേരിലുണ്ടാകുന്ന അക്രമം തടയാൻ കർശന നടപടി സ്വീകരിക്കാനും നിർദേശിച്ചു. സ്വകാര്യ സ്വത്തിന് നാശനഷ്ടമുണ്ടാക്കുന്നത് വിലക്കുന്ന നിയമവും കേസെടുക്കുമ്പോൾ പരിഗണിക്കണം. അതേസമയം, അക്രമങ്ങൾ തടയാൻ ആവശ്യമായ നടപടി സ്വീകരിച്ചതായി സർക്കാറിനുവേണ്ടി പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ കോടതിയെ അറിയിച്ചു.

Tags:    
News Summary - Popular front hartal illegal -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.