കൊച്ചി: അനധികൃത കൊടിമരങ്ങൾ നീക്കാനും പുതിയത് സ്ഥാപിക്കാതിരിക്കാനും സർക്കാർ നയം രൂപവത്കരിക്കണമെന്ന് ഹൈകോടതി. ഇവ നീക്കം ചെയ്യാനുള്ള ഉത്തരവുകൾ കൃത്യമായി പാലിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്.
അനധികൃത കൊടിതോരണങ്ങൾ പാതയോരങ്ങളിൽ ഇപ്പോഴും വ്യാപകമാണ്. അപകടകരമായ രീതിയിലാണ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇവ ഉടൻ നീക്കണം. കോടതി ഉത്തരവുകൾ പാലിക്കുന്നില്ലെന്ന് മാത്രമല്ല, വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ തന്നെ താൽക്കാലിക കൊടിമരങ്ങൾ പലയിടത്തും ഉയർന്നിട്ടുമുണ്ട്.
രാഷ്ടീയ, ട്രേഡ് യൂനിയൻ കക്ഷികളടക്കം സ്വാധീനമുള്ളവർ സ്ഥാപിച്ച കൊടിമരങ്ങൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർക്ക് ഭയമാണ്. സർക്കാർ ഇച്ഛാശക്തി കാട്ടിയാലേ ഇതിൽ മാറ്റമുണ്ടാകൂ. മന്നം ഷുഗർ മില്ലിന് മുന്നിലെ കൊടിമരവുമായി ബന്ധപ്പെട്ടതടക്കം ഹരജികൾ പരിഗണിക്കവെയാണ് കോടതിയുടെ നിർദേശവും നിരീക്ഷണങ്ങളുമുണ്ടായത്.
പുതിയ കൊടിമരങ്ങൾ സ്ഥിരമായി സ്ഥാപിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് സർക്കാറിനുവേണ്ടി അഡീ. അഡ്വക്കറ്റ് ജനറൽ അറിയിച്ചു. ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ കൊടിമരങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട് അനുനയ സമീപനം സ്വീകരിക്കേണ്ടി വരുമെന്നും സർക്കാർ വ്യക്തമാക്കി.
സർക്കാർ പുറപ്പെടുവിച്ച രണ്ടു സർക്കുലർ ഹാജരാക്കിയെങ്കിലും അവയിൽ സ്ഥിരമായി സ്ഥാപിച്ച കൊടിമരങ്ങളെക്കുറിച്ച് പരാമർശിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ സ്ഥാപിച്ച സ്ഥിരം കൊടിമരങ്ങൾ നിയമവിരുദ്ധമാണ്. ഭൂസംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇതിനെതിരെ പിഴയും മറ്റ് നടപടികളും സ്വീകരിക്കണം.
മറുപടിക്ക് സർക്കാർ കൂടുതൽ സമയം തേടിയതിനെ തുടർന്ന് ഹരജി വീണ്ടും സെപ്റ്റംബർ 22ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.