താനൂർ കസ്റ്റഡി കൊലപാതകം: പൊലീസുകാരന്‍റെ കാർ കസ്റ്റഡിയിലെടുത്തു

കൊച്ചി: കസ്റ്റഡി കൊലപാതകക്കേസിൽ താമിർ ജിഫ്രിയെ കൊണ്ടുപോയ പൊലീസുകാരന്‍റെ കാർ കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതി സിവിൽ പൊലീസ് ഓഫീസർ ജിനീഷിന്‍റെ കാറാണ് കസ്റ്റഡിയിലെടുത്തത്.

നേരത്തെ പ്രതികളായ നാലു പൊലീസുകാരെയും എറണാകുളം സി.ജെ.എം കോടതി നാലു ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇതിന്‍റെ തുടർനടപടിയായാണ് കാർ കസ്റ്റഡിയിലെടുത്തത്.

ഈ കാർ ഉപയോഗിച്ചാണ് താമിർ ജിഫ്രിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. യുവാവിനെ കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി മർദിച്ചെന്ന സാക്ഷി മൊഴികളും, യുവാവിന്‍റെ ശരീരത്തിൽ 21 മുറിപ്പാടുകൾ ഉണ്ടായിരുന്നെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടും സി.ബി.ഐയുടെ കൈവശമുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം തെളിവെടുപ്പ് നടപടികളുണ്ടാകും.

താനൂര്‍ സ്റ്റേഷനിലെ എസ്‌.സി.പി.ഒ ജിനേഷ് (37), പരപ്പനങ്ങാടി സ്റ്റേഷനിലെ സി.പി.ഒ ആല്‍ബിന്‍ അഗസ്റ്റിന്‍ (35), കൽപകഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ അഭിമന്യു (35), തിരൂരങ്ങാടി സ്റ്റേഷനിലെ സി.പി.ഒ വിപിന്‍ (38) എന്നിവരാണ് നാലു പ്രതികൾ.

കഴിഞ്ഞ വർഷം ജൂലൈ 31ന് ലഹരികേസിൽ താമിർ ജിഫ്രിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആഗസ്റ്റ് ഒന്നിന് പുലർച്ച കസ്റ്റഡിയിലിരിക്കെ താമിർ മരിച്ചു. താമിറിന് ക്രൂരമായി മർദനമേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

tanur custody deathകേസുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ക്രൈംബ്രാഞ്ചാണ് ആദ്യം കേസന്വേഷിച്ചിരുന്നത്. അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് താമിര്‍ ജിഫ്രിയുടെ ബന്ധുക്കള്‍ ഹൈകോടതിയെ സമീപിച്ചു. ഇതോടെ കേസ് സർക്കാർ സി.ബി.ഐക്ക് വിടുകയായിരുന്നു.

Tags:    
News Summary - policeman's car taken into custody in tanur custody murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.