മറുനാടൻ മലയാളിക്ക് കോൺഗ്രസ് സംരക്ഷണമൊരുക്കുമെന്ന് കെ.സുധാകരൻ; മാധ്യമവേട്ടക്കെതിരെ ജൂലൈ 26 ന് പൊലീസ് സ്റ്റേഷൻ മാർച്ച്

 മറുനാടൻ മലയാളി പോലെയുള്ള മാധ്യമങ്ങൾക്ക് കോൺഗ്രസ് പൂർണ സംരക്ഷണമൊരുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. ഒളിവിൽ പോയ മറുനാടൻ മലയാളിയുടെ ഉടമക്കെതിരെ നടപടിയെടുത്തോട്ടെ, പക്ഷേ അതിനൊരു മര്യാദ കാണിക്കണം. അന്തസും അഭിമാനവുമില്ലാത്ത കാര്യങ്ങളാണ് പൊലീസ് മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ കാണിച്ചത്. ഷാജൻ സ്‌കറിയക്കെതിരെയെടുത്ത നടപടി അതിക്രൂരവും ഭീകരവുമാണെന്ന് പറയാതിരിക്കാൻ നിർവാഹമില്ല. പൊലീസ് നടപടിയെ പൂർണമായും എതിർക്കുന്നു. മറുനാടൻ മലയാളിപോലുള്ള മാധ്യമങ്ങൾക്ക് പൂർണ സംരക്ഷണം ഒരുക്കുമെന്നും സുധാകരന്‍ പറഞ്ഞു. രാഷ്ട്രീയ പകപോക്കലിനും മാധ്യമവേട്ടക്കുമെതിരെ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജൂലൈ 26 ന് പൊലീസ് സ്റ്റേഷൻ മാർച്ചും കെ.പി.പി.സിയുടെ നേതൃത്വത്തിൽ മാധ്യമ സ്വാതന്ത്ര്യ സംഗമം നടത്തും.

സർക്കാറിനെതിരെ എന്തെങ്കിലും എഴുതിയാൽ അതിന്റെ പ്രതികാരം മനസിൽവെച്ച് അവസരം കിട്ടുമ്പോൾ വിനിയോഗിക്കുന്ന തരം താഴ്ന്ന നടപടിയാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. രക്തസാക്ഷികളാവുന്ന മാധ്യമങ്ങളെ സംരക്ഷിക്കാൻ ഏതറ്റം വരെയും കോൺഗ്രസ് പോകും.

വാർത്താ ചാനലുകളിലെ മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കി നാവടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിമർശിക്കുന്ന പത്ര മാധ്യമങ്ങളെ മുഴുവൻ അടക്കി എതിർക്കാനും നടപടികൾക്ക് വിധേയമാക്കാനും ശ്രമിക്കുന്ന സർക്കാർ ജനാധിപത്യ സംവിധാനത്തിന് അപമാനമാണ്. ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും അടിസ്ഥാനമായ ഘടകമാണ് പത്രമാധ്യമ സ്വാതന്ത്ര്യം. അതിനെ ഹനിക്കുന്ന സർക്കാർ ജനാധിപത്യത്തിന് അപകടകാരിയാണെന്നും സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എൽ.ഡി.എഫ് സർക്കാർ മാധ്യമങ്ങൾക്കെതിരെ എടുക്കുന്ന നയങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ല. അതിനെതിരെ ശക്തമായി പോരാടാനും മാധ്യമങ്ങൾക്ക് സംരക്ഷണം നൽകാനുള്ള ഉരുക്കുമറ കോൺഗ്രസ് ഉണ്ടാക്കുമെന്നും സുധാകരൻ പറഞ്ഞു.

Tags:    
News Summary - Police station march on July 26 against media poaching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.