പൊലീസ് സേവന നിരക്കുകള്‍ കുത്തനെ കൂട്ടി; ആരാധനാലയങ്ങളുടേതടക്കം ഘോഷയാത്രകൾ നടത്തണമെങ്കിൽ ഫീസ് അടക്കണം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാനത്ത് പൊലീസ് സേവനങ്ങളുടെ നിരക്കുകൾ കുത്തനെ കൂട്ടി. ആരാധനാലയങ്ങളുേടതടക്കം എല്ലാ ഘോഷയാത്രകൾക്കും നിശ്ചിത തുക പൊലീസ് സ്റ്റേഷനിൽ അടക്കണം. പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2,000 രൂപയും സബ്ഡിവിഷന്‍ പരിധിയില്‍ 4,000 രൂപയും ജില്ലതലത്തില്‍ 10,000 രൂപയും ഫീസ് നല്‍കണം. സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുലൈബ്രറികള്‍, ശാസ്ത്രസ്ഥാപനങ്ങള്‍ എന്നിവയെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്താനുള്ള അനുമതിക്ക് ഈടാക്കുന്നത് 5515 രൂപയായിരുന്നെങ്കിൽ ഇനി അഞ്ച് ദിവസത്തേക്ക് മാത്രം 6070 രൂപ നൽകണം. 15 ദിവസത്തെ മൈക്ക് ലൈസൻസിന് 330 രൂപയായിരുന്നത് 365 ആക്കി. ജില്ല തലത്തിലുള്ള വാഹന മൈക്ക് അനൗൺസ്മെന്‍റിന് 555 രൂപയായിരുന്നു. ഇനി 610 രൂപ നൽകണം. പൊലീസുകാരുടെ സേവനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഉയര്‍ന്ന നിരക്കു നല്‍കണം. സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ പകല്‍ സേവനത്തിന് 3340 രൂപയാണ് പുതുക്കിയ നിരക്ക്. നിലവില്‍ ഇത് 3035 രൂപയാണ്.

രാത്രികാലത്ത് 4,370 രൂപയാണ് സി.ഐയുടെ സേവനത്തിനുള്ള പുതുക്കിയ നിരക്ക്. നിലവില്‍ 3970 രൂപ. എസ്‌.ഐയുടെ സേവനത്തിന് പകല്‍ 2250 രൂപയും രാത്രി 3835 രൂപയും നല്‍കണം. എ.എസ്‌.ഐക്ക് ഇത് യഥാക്രമം 1645, 1945 രൂപയാണ്. സീനിയര്‍ സി.പി.ഒക്ക് 1095 രൂപയും 1400 രൂപയും കെട്ടിെവക്കണം. പൊലീസ് ഗാര്‍ഡുകളുടെ സേവനത്തിന് നിലവിലുള്ള നിരക്കിെനക്കാള്‍ 1.85 ശതമാനം അധികം നല്‍കണം. കൂടാതെ കോമ്പന്‍സേറ്ററി അലവന്‍സും നല്‍കണം. പൊലീസ് നായ്ക്ക് പ്രതിദിനം 7,280 രൂപ നല്‍കണം. ഷൂട്ടിങ്ങിനും മറ്റും പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം എടുക്കുന്നതിനുള്ള നിരക്കും കൂട്ടി. പ്രതിദിനം 11,025 രൂപയായിരുന്നത് 12,130 രൂപയാക്കി.

വാഹനാപകട കേസുകളിലെ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്‌.ഐ.ആര്‍), ജനറല്‍ ഡയറി, വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സീന്‍ മഹസര്‍, സീന്‍ പ്ലാന്‍, പരിക്ക് സര്‍ട്ടിഫിക്കറ്റ്, പരിശോധന സര്‍ട്ടിഫിക്കറ്റ് അടക്കം പൊലീസ് നല്‍കേണ്ട എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഇൻഷുറൻസ് കമ്പനികൾക്ക് സൗജന്യമായാണ് നൽകിയിരുന്നതെങ്കിൽ ഇനി മുതൽ ഓരോന്നിനും 50 രൂപ വീതം ഈടാക്കും.

Tags:    
News Summary - Police service charges increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.