റിയശ്രീക്കിത് പുനർജന്മം; ട്രാക്കിലേക്കുവീണ നാലുവയസ്സുകാരിക്ക് രക്ഷകരായി പൊലീസുകാർ

വർക്കല: തീവണ്ടിയിൽ നിന്നിറങ്ങുമ്പോൾ ട്രാക്കിലേക്കുവീണ നാലുവയസ്സുകാരിയെ പൊലീസുകാർ രക്ഷിച്ചു. മധുര സ്വദേശി സെൽവകുമാറിന്റെയും രേമുഖിയുടെയും മകൾ റിയശ്രീയാണ് വർക്കല റെയിൽവേ സ്‌റ്റേഷനിലെ പൊലീസുകാരുടെ സമയോചിത ഇടപെടൽ മൂലം രക്ഷപ്പെട്ടത്.

പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയിലൂടെ താഴേക്കുവീണ കുട്ടിയെ, തീവണ്ടി നീങ്ങിത്തുടങ്ങും മുമ്പ് പൊലീസുകാർ പുറത്തെത്തിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഉച്ചക്കാണ് സംഭവം. മധുര-പുനലൂർ പാസഞ്ചറിലാണ് സെൽവകുമാറും കുടുംബവും എത്തിയത്.

വർക്കല സ്റ്റേഷനിൽ ഇറങ്ങുന്നതിനിടെ റിയശ്രീ കാൽവഴുതി പ്ലാറ്റ്‌ഫോമിനും തീവണ്ടിക്കും ഇടയിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ബഹളംവെച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ സിവിൽ പൊലീസ് ഓഫിസർമാരായ ബിനീഷ്, എം.എസ്. ഷാൻ എന്നിവർ ഓടിയെത്തി. ഇവർ തീവണ്ടിക്കടിയിൽനിന്നും റിയശ്രീയെ പുറത്തെടുത്ത് പ്ലാറ്റ്‌ഫോമിലെത്തിച്ചു. അപകടവിവരമറിഞ്ഞ സ്റ്റേഷൻ സൂപ്രണ്ട് ശിവാനന്ദൻ തീവണ്ടിക്ക് സിഗ്നൽ നൽകാതിരുന്നതും രക്ഷാപ്രവർത്തനം എളുപ്പമാക്കി.

മൂക്കിന് ചെറിയ പരിക്ക് മാത്രം പറ്റിയ റിയശ്രീയെ രക്ഷപ്പെടുത്തിയശേഷം ഉടൻ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്കുശേഷം കുട്ടി രക്ഷിതാക്കൾക്കൊപ്പം യാത്രയായി. മകളുടെ ജീവൻ രക്ഷിച്ച പൊലീസുകാർക്കും റെയിൽവേ ഉദ്യോഗസ്ഥർക്കും സെൽവകുമാറും കുടുംബവും നന്ദി പറഞ്ഞു.

Tags:    
News Summary - Police rescue a four year old girl who fell into railway track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.