വിദ്യാർഥികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ ഹാൾടിക്കറ്റ് കൈമാറുന്നു

വിദ്യാർഥികളുടെ മറന്നു വെച്ച ഹാൾടിക്കറ്റുകളുമായി പൊലീസ് ഉദ്യോഗസ്ഥൻ ബുള്ളറ്റിൽ പറന്നു 12 കി​ലോമീറ്റർ

കണ്ണൂർ: സ്കൂളിലേക്കുള്ള യാത്രക്കിടെ ചായ കുടിക്കാൻ കയറിയ ഹോട്ടലിൽ ഹാൾടിക്കറ്റുകൾ മറന്നു വെച്ച എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് തുണയായി പൊലീസ് ഉദ്യോഗസ്ഥൻ. ഹോട്ടലിൽ നിന്ന് പരീക്ഷ കേന്ദ്രത്തിലേക്ക് ബുള്ളറ്റിൽ 12 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പൊലീസുകാരൻ ഹാൾടിക്കറ്റ് എത്തിച്ചു കൊടുത്തത്. കണ്ണൂർ പഴയങ്ങാടിയിലാണ് സംഭവം.

പഴയങ്ങാടി മാട്ടൂൽ ഇർഫാനിയ ജൂനിയർ അറബിക് കോളജിലെ വിദ്യാർഥികളും പയ്യന്നൂർ, തളിപ്പറമ്പ്, പിലാത്തറ സ്വദേശികളുമായ മുഹമ്മദ് സഹൽ, കെ.കെ.അൻഷാദ്, എം.അനസ്, ഒ.പി.ഷഹബാസ്, എം.പി.നിഹാൽ എന്നിവർ എസ്.എസ്.എൽ.സി രസതന്ത്രം പരീക്ഷ എഴുതാൻ ചട്ടഞ്ചാൽ മലബാർ ഇസ്‍ലാമിക് സ്കൂളിൽ എത്തിയപ്പോഴാണ് ഹാൾ ടിക്കറ്റ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.

മാവേലി എക്സ്പ്രസിന് കാസർകോട് ഇറങ്ങിയ വിദ്യാർഥികൾ പുതിയ ബസ് സ്റ്റാൻഡിലെത്തി ഹോട്ടലിൽ ചായ കുടിക്കാൻ കയറിയിരുന്നു. അതിനിടെയാണ് ചട്ടഞ്ചാൽ ഭാഗത്തേക്കുള്ള ബസ് എത്തിയത്. തിടുക്കത്തിൽ ബസിൽ കയറിയ വിദ്യാർഥികൾ 12 കിലോമീറ്റർ പിന്നിട്ട് ചട്ടഞ്ചാൽ ഇറങ്ങിയപ്പോഴാണ് ഒരു ബാഗ് നഷ്ടമായതായി അറിഞ്ഞത്. എസ്.എസ്.എൽ.സി പരീക്ഷ എഴുതാനുള്ള അഞ്ച് വിദ്യാർഥികളുടെയും ഹാൾ ടിക്കറ്റ് ആ ബാഗിലായിരുന്നു. 9.30നു മുൻപ് ഹാൾ ടിക്കറ്റ് കിട്ടിയില്ലെങ്കിൽ പരീക്ഷയെഴുതാൻ കഴിയില്ല. അപ്പോഴേക്കും സമയം ഒമ്പത് മണി കഴിഞ്ഞിരുന്നു.

പരിഭ്രാന്തരായ വിദ്യാർഥികൾ മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ഓടിയെത്തി വിവരം പറഞ്ഞു. സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രദീപൻ, സി.പി.ഒ ശ്രീജിത്ത് എന്നിവർ വിവരം കൺട്രോൾ റൂമിലേക്കും അവിടെ നിന്ന് സ്‌ട്രൈക്കർ ഫോഴ്‌സിലെ ഓഫീസർ പി.വി നാരായണനും കൈമാറി. തൊട്ടുപിന്നാലെ സ്‌ട്രൈക്കർ ഫോഴ്‌സിലെ സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ, മുകേഷ് എന്നിവർ ചട്ടഞ്ചാലിലേക്ക് പായുകയായിരുന്നു. സമയത്തിന്റെ മൂല്യമറിഞ്ഞ് പൊലീസ്, വിദ്യാർഥികൾ ചായ കുടിച്ച ഹോട്ടലിൽ ചെന്ന് ബാഗ് കണ്ടെടുത്തു. കുട്ടികളെ മേൽപ്പറമ്പ് സ്റ്റേഷനിൽ നിന്ന് പൊലീസ് വാഹനത്തിൽ സ്കൂളിൽ എത്തിക്കുകയും ചെയ്തു.

കരച്ചിലിന്റെ വക്കോളമെത്തിയ കുട്ടികൾ പൊലീസുകാർക്ക് നന്ദി പറഞ്ഞ് പരീക്ഷ ഹാളിലേക്ക് പ്രവേശിച്ചു. പരീക്ഷ കഴിഞ്ഞതിന് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി മധുരപലഹാരം നൽകിയ ശേഷമാണ് പഴയങ്ങാടിയിലേക്ക് വിദ്യാർഥികൾ മടങ്ങിയത്.

Tags:    
News Summary - police ofiicer helped SSLC students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.