മണ്ണ് മാഫിയയിൽനിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
കാലടി: മണ്ണ് മാഫിയയിൽനിന്ന് ഡ്യൂട്ടിക്കിടെ കൈക്കൂലി വാങ്ങിയ അയ്യമ്പുഴ പൊലീസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ ബൈജുക്കുട്ടനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവം നടക്കുമ്പോൾ പൊലീസ് ജീപ്പിൽ ഉണ്ടായിരുന്ന ഡ്രൈവർ ഷഫീഖിനെ കാലടി സ്റ്റേഷനിൽനിന്ന് കളമശ്ശേരി എ.ആർ ക്യാമ്പിലേക്ക് മാറ്റിയതായും റൂറൽ എസ്.പി വിവേക് കുമാർ അറിയിച്ചു.
ബൈജുക്കുട്ടനെ കഴിഞ്ഞ ദിവസം താൽക്കാലികമായി എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം നടത്താനും ഉത്തരവുണ്ട്. കൈക്കൂലി വാങ്ങാനുണ്ടായ സാഹചര്യം അന്വേഷിക്കാൻ വിഡിയോ പരിശോധിച്ച് പണം നൽകിയ മണ്ണ് മാഫിയക്കാരെയും വിളിച്ച് മൊഴിയെടുക്കും.
മാർച്ചിലാണ് സംഭവം നടന്നത്. പൊലീസ് ജീപ്പിൽ യൂനിഫോം അണിഞ്ഞ് ബൈജുക്കുട്ടൻ പണം ചോദിച്ച് വാങ്ങുന്ന വിഡിയോ ഞായറാഴ്ച രാത്രി മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പുതുവത്സര ദിനത്തിലും മറ്റ് ആഘോഷദിവസങ്ങളിലും കരുതൽ തടങ്കലിൽ പൊലീസ് വെക്കുന്നത് പതിവായതോടെയാണ് നിരവധി കേസുകളിൽ പ്രതികളായ കൊറ്റമത്തുള്ള മണ്ണ് മാഫിയക്കാർ മാസങ്ങൾക്ക് മുമ്പെടുത്ത വിഡിയോ പുറത്തുവിട്ടതെന്ന് പ്രചാരണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.