തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽനിന്ന് വീണയാളെ റെയിൽവേ പൊലീസ് എ.എസ്.ഐ പി. ഉമേഷ് രക്ഷിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം
തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽനിന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് കാൽവഴുതി വീണ യാത്രക്കാരനെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ രക്ഷിച്ചു. വ്യാഴാഴ്ച രാവിലെ തലശ്ശേരി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കണ്ണൂർ ജി.ആർ.പിയിലെ എ.എസ്.ഐ പി. ഉമേഷാണ് രക്ഷകനായത്.
കൊച്ചുവേളി -മുംബൈ എക്സ്പ്രസ് (ടി.ആർ നമ്പർ 22114) തലശ്ശേരിലെത്തിയപ്പോഴാണ് സംഭവം. ട്രെയിനിൽനിന്ന് ചായ വാങ്ങുന്നതിന് പ്ലാറ്റ്ഫോമിലിറങ്ങിയ യാത്രക്കാരൻ തിരിച്ച് ചായയുമായി കയറാനൊരുങ്ങുമ്പോൾ ട്രെയിൻ നീങ്ങിത്തുടങ്ങിയിരുന്നു.
നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് ചായയുമായി കയറുന്നതിനിടെ മുംബൈ ബോർവാളി സ്വദേശി ചന്ദ്രകാന്ത് (72) പ്ലാറ്റ്ഫോമിലേക്ക് തെന്നിവീഴുകയായിരുന്നു.
പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസ് എ.എസ്.ഐ പി. ഉമേഷ് തത്സമയം സംഭവം കാണാനിടയായി. ഉടൻ ഓടിയെത്തി യാത്രക്കാരനെ രക്ഷപ്പെടുത്തുകയായിരുന്നു.
ഡ്യൂട്ടിക്കിടെ ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് എ.എസ്.ഐ പി. ഉമേഷ് പറഞ്ഞു. ട്രെയിനിലെ തിരക്കും സുരക്ഷ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അവഗണിക്കുന്നതുമെല്ലാം കാരണം ഇത്തരത്തിലുള്ള അപകടങ്ങൾ അടുത്തിടെ വർധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.