പൊലീസ് കോൺസ്റ്റബിൾമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിക്കുന്നു

പൊതുജന സേവകരാണെന്ന ധാരണ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എപ്പോഴും വേണം - മുഖ്യമന്ത്രി

തൃശൂർ: താഴേതലം മുതല്‍ സംസ്ഥാനതലം വരെയുള്ള ഏത് ഉദ്യോഗസ്ഥനായാലും പൊതുജന സേവകരാണെന്ന ധാരണ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് അക്കാദമി പാസിങ് ഔട്ട് പരേഡ് ഗ്രൗണ്ടില്‍ നടന്ന, അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ 2279 സായുധ പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പരിശീലനത്തിനിടെ കോവിഡ് മഹാമാരിയെ നേരിടേണ്ടി വന്നത് പരിശീലനാര്‍ഥികള്‍ക്ക് ലഭിച്ച മികച്ച അവസരമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാമാരിയെ നേരിടാനുള്ള പ്രവര്‍ത്തനം ജനങ്ങളോടൊപ്പം നിന്നുള്ള പ്രവര്‍ത്തനമാണ്. നേരത്തെ, പരിശീലനം ലഭിച്ച് പുറത്തിറങ്ങുന്നവരില്‍ പലരും ഒരു പ്രത്യേക മനോഭാവത്തോടെയാണ് സമൂഹത്തെ സമീപിച്ചിരുന്നത്.

അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. ഇപ്പോള്‍, സമൂഹത്തെ മൊത്തത്തില്‍ കണ്ടുകൊണ്ടുള്ള പരിശീലന രീതിയാണ് ഇപ്പോള്‍ അവലംബിച്ചിരിക്കുന്നത്. അതിന്‍റെ മാറ്റം കാണാനുണ്ട്. പക്ഷേ, ആയിരക്കണക്കിന് അംഗങ്ങളുള്ള സേനയായതിനാല്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ നാമാരും പ്രതീക്ഷിക്കാത്ത രീതിയില്‍ ഉണ്ടാകാറുണ്ട് എന്നത് നാം എപ്പോഴും മനസ്സില്‍ കരുതലായി സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശൂര്‍ കേരള പൊലീസ് അക്കാദമി ആസ്ഥാനമായ ഇന്‍റഗ്രേറ്റഡ് പൊലീസ് റിക്രൂട്ട് ട്രെയ്‌നിങ് സെന്‍ററിലും (ഐ.പി.ആര്‍.ടി.സി) വിവിധ സായുധ പൊലീസ് ബറ്റാലിയനുകളിലുമാണ് പരിശീലനം നടന്നത്. ഏകീകൃത പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യ പൊലീസ് ബാച്ചാണിത്. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഓണ്‍ലൈനായി സല്യൂട്ട് സ്വീകരിച്ചു. അക്കാദമി ഡയറക്ടര്‍ ഡോ. ബി. സന്ധ്യ, ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത എന്നിവര്‍ പൊലീസ് അക്കാദമിയില്‍ സല്യൂട്ട് സ്വീകരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രം പങ്കെടുത്ത് നടന്ന ചടങ്ങില്‍ പാസിങ് ഔട്ട് പരേഡ് ഒഴിവാക്കി.

ഇവരില്‍ കെ.എ.പി ഒന്നില്‍ 118 പേരും, കെ.എ.പി രണ്ടില്‍ 256 പേരും, കെ.എ.പി മൂന്നില്‍ 238 പേരും, കെ.എ.പി നാലില്‍ 242 പേരും, കെ.എ.പി അഞ്ചില്‍ 117 പേരും, എം.എസ്.പിയില്‍ 343 പേരും, എസ്.എ.പിയില്‍ നിന്ന് 222 പേരും, ആര്‍.ആര്‍.എഫില്‍ 117 പേരും, കേരള പൊലീസ് അക്കാദമിയില്‍ 319 പേരും, ഐ.പി.ആര്‍.ടി.സിയില്‍ 307 പേരുമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.

ഇവരില്‍ കേരള പൊലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 21 വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍മാരുമുണ്ട്. ഇതിനു മുമ്പ് ഇത്രയധികം പേരുടെ പരിശീലനം ഒന്നിച്ചു നടന്നിട്ടില്ല. 2279 പേരുടെ പരിശീലനം ഒരേ സമയം നടത്തി വിജയകരമായി പൂര്‍ത്തിയാക്കിയത് കേരള പൊലീസിന്‍റെ പരിശീലന ചരിത്രത്തില്‍ ഇടം പിടിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.