ജെയിൻ സർവകലാശാല സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ ഡോ. മുരളി തുമ്മാരുകുടി സംസാരിക്കുന്നു
കൊച്ചി: ദുരന്തങ്ങളെ കേവലം തകർച്ചകളായല്ല, ജനതയുടെയും രാജ്യത്തിന്റെയും പുനർനിർമാണത്തിനുള്ള അവസരങ്ങളായാണ് കാണേണ്ടതെന്ന് യു.എൻ ദുരന്ത ലഘൂകരണ വിഭാഗം തലവനും പരിസ്ഥിതി ചിന്തകനുമായ ഡോ. മുരളി തുമ്മാരുകുടി. ജെയിൻ സർവകലാശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഭാവിയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു. അതിജീവനം എന്നത് വ്യക്തികളോ സമൂഹമോ തനിയെ ആർജിക്കുന്ന ഒന്നല്ല, മറിച്ച് ബോധപൂർവം കെട്ടിപ്പടുക്കേണ്ടതാണ്. സമൂഹങ്ങൾക്ക് അതിജീവിക്കാനുള്ള സ്വാഭാവിക കഴിവുണ്ട്. അതിജീവനം യാദൃശ്ചികമല്ല, അത് ഒരു തിരഞ്ഞെടുപ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ട്രെയിനുകൾ ഉൾപ്പെടെ രാജ്യത്തെ പൊതുയാത്ര സൗകര്യങ്ങൾ ഭിന്നശേഷി സൗഹൃദമാകണമെന്ന് ‘പരിധികൾ ഇല്ലാത്ത മനുഷ്യർ’ എന്ന വിഷയത്തിൽ സംസാരിച്ച നീന്തൽ താരവും സംസ്ഥാന യുവ പ്രതിഭ അവാർഡ് ജേതാവുമായ ആസിം വെളിമണ്ണ പറഞ്ഞു. പൊതുയാത്ര സൗകര്യത്തോടൊപ്പം അടിസ്ഥാന സൗകര്യങ്ങളും ഭിന്നശേഷി സൗഹൃദമാകണമെന്ന് ചർച്ചയിൽ പങ്കെടുത്ത വേൾഡ് റെക്കോഡ് ജേതാവായ സ്കൈ ഡൈവർ എസ്.എസ്. ശ്യാംകുമാർ അഭിപ്രായപ്പെട്ടു.
നിത്യജീവിതത്തില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ നേരിടുന്നതിന് പുതിയ തലമുറയെ പ്രാപ്തരാക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിക്കണമെന്ന് ‘ബിയോണ്ട് ദി ഹാഷ്ടാഗ്- ആക്ഷന്‍ ഫോര്‍ ചേഞ്ച്’ എന്ന സംവാദത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ഇതിലൂടെ കുട്ടികള്‍ ലഹരി ഉപയോഗം പോലുള്ള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാനാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ്, ദേശീയ സെക്രട്ടറി എബിന് വര്‍ക്കി, ജില്ല പഞ്ചായത്തംഗം ജ്യൂബിള്‍ ജോര്‍ജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.