ധനമന്ത്രി കെ.എൻ. ബാലഗോപാൽ
പ്രതീക്ഷിച്ച പോലെ, തെരഞ്ഞെടുപ്പ് മുന്നിലുള്ള സർക്കാറുകൾ നടത്താറുള്ള പ്രഖ്യാപന പെരുമഴ നടത്തി ധനമന്ത്രി കെ.എൻ. ബാലഗോപാലും. വോട്ടർമാരെ ആകർഷിക്കാനുള്ള ചേരുവകളൊക്കെ വേണ്ടുവോളം. കടുത്ത തീരുമാനങ്ങളോ അധിക നികുതി ഭാരമോ ഉണ്ടായതുമില്ല. മുൻ ബജറ്റുകളിൽ കടുത്ത ഭാരം അടിച്ചേൽപിച്ചയാളാണെങ്കിലും മന്ത്രി ഇക്കുറി അത് ചെയ്യുമെന്ന് ആരും കരുതിയിരുന്നുമില്ല. മുൻകാലങ്ങളിലും ഏത് മുന്നണികളുടേതായാലും അവസാന ബജറ്റുകൾ ഇങ്ങനെയൊക്കെ തന്നെ. ബജറ്റിനെ രാഷ്ട്രീയ ആയുധമാക്കുമെന്നർഥം.
ആത്‍മവിശ്വാസം സ്വയം പകരാൻ സമ്പൂർണ ബജറ്റ്
സാധാരണ പുതിയ സർക്കാർ വരുമ്പോൾ പുതിയ ബജറ്റ് വരും. പഴയ പ്രഖ്യാപനങ്ങൾ പലതും നടപ്പാകില്ല. ഒന്നാം പിണറായി സർക്കാറിന്‍റെ അവസാന ബജറ്റിന് ശേഷം അധികാര തുടർച്ച കിട്ടിയപ്പോഴും പുതിയ ബജറ്റ് വന്നിരുന്നു. ഇക്കുറി സമ്പൂർണ ബജറ്റ് പ്രഖ്യാപനമാണ് പറയുന്നതെങ്കിലും അവതരിപ്പിച്ച ബജറ്റ് പൂർണമായി പാസാക്കിയെടുക്കും മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യത തള്ളാനാകില്ല. അവസാന ബജറ്റിൽ വോട്ട് ഓൺ അക്കൗണ്ട് പാസാക്കലാണ് പതിവ് രീതി. സമ്പൂർണ ബജറ്റ് എന്നത് വീണ്ടും ഇതേ സർക്കാർ വരുമെന്ന ആത്മവിശ്വാസം പകരാൻ ലക്ഷ്യമിട്ടാണ്.
ആനുകുല്യങ്ങളിലെല്ലാം വർധന
ക്ഷേമ പെൻഷൻ വർധന ഒഴിച്ച് നിർത്തിയാൽ സർക്കാർ നൽകുന്ന ഏതാണ്ടെല്ലാ ആനുകുല്യങ്ങളിലും വർധനയുണ്ട്. ആശ വർക്കർമാർ, സാക്ഷരത പ്രേരക്മാർ, സ്കൂൾ പാചക തൊഴിലാളികൾ അടക്കം ഇതിൽ ഉൾപ്പെടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പും വലിയ പ്രഖ്യാപനങ്ങൾ വന്നിരുന്നു. ഓട്ടോ റിക്ഷ തൊഴിലാളികളെയും കുടുംബങ്ങളെയും വരെ ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചതിലും തെരഞ്ഞെടുപ്പിന്‍റെ കണ്ണ് ഇല്ലാതല്ല.
സ്കൂൾ വിദ്യാർഥികൾക്കായി ഗ്രൂപ് ഇൻഷുറൻസ് പദ്ധതി. ബിരുദ പഠനം സൗജന്യമാക്കിയത്, ഹരിത കർമ സേന, ഓട്ടോ ടാക്സി ജീവനക്കാർ എന്നിവർക്ക് മെഡിക്കൽ ഇൻഷുറൻസ്, കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് ഇൻഷുറൻസ്, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി, നേറ്റിവിറ്റി കാർഡ് എന്നിയൊക്കെ കൈയടി നേടുന്നതാണ്. ഇതിലൊക്കെ തെരഞ്ഞെടുപ്പ് താൽപര്യം സ്വാഭാവികം. അടിസ്ഥാന വോട്ടുകളിലെ ഒരു വിഭാഗത്തെ അനുകൂലമാക്കാൻ മന്ത്രി ലക്ഷ്യമിടുന്നുവെന്നത് വ്യക്തമാണ്.
എല്ലാം അടുത്ത സർക്കാർ നോക്കും
ശമ്പള കമീഷൻ പ്രഖ്യാപനം, അഷ്വേർഡ് പെൻഷൻ, ഡി.എ കുടിശിക എന്നിവയുടെ പ്രഖ്യാപനവും ബജറ്റിൽ നടത്തിയെങ്കിലും ഇതിന്‍റെ ബാധ്യത അടുത്ത സർക്കാരിനാകും വരുക. സമയമുണ്ടായിട്ടും നാളിതുരെ ശമ്പള കമീഷനെ പ്രഖ്യാപിച്ചിരുന്നില്ല. മുൻകാലങ്ങളിൽ വർഷത്തോളമെടുത്താണ് ശമ്പള കമീഷൻ റപ്പോർട്ട് നൽകുക. ഇത് ധനവകുപ്പും മന്ത്രിസഭയും പഠിച്ച് തീരുമാനത്തിലെത്താൻ വീണ്ടും സമയമെടുക്കും.
മൂന്ന് മാസം കൊണ്ട് കമീഷൻ റിപ്പോർട്ട് വാങ്ങുമെന്നാണ് സർക്കാർ പ്രഖ്യാപനം. ഇത് തെഞ്ഞെടുപ്പിന് മുമ്പ് പ്രാബല്യത്തിലാകില്ല. സാധാരണ രീതി നോക്കിയാൽ ഇപ്പോൾ ശമ്പള പരിഷ്കരണം പ്രഖ്യാപിക്കേണ്ട സമയം കഴിഞ്ഞു. ഡി.എ. അനുവദിക്കുന്നതിലും വലിയ തോതിൽ ബാധ്യത വരുന്നത് അടുത്ത സർക്കാരിനായിരിക്കും.
ശ്രദ്ധനേടിയ വികസന പദ്ധതികൾ
അർദ്ധഅതിവേഗറെയിൽ പാത, എം.സി.റോഡ് നാല് വരിയാക്കൽ, വർക്ക് നിയർഹോം 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കൽ, സ്റ്റാർട്ടപ്പിന് പ്രാമുഖ്യം , കട്ടപ്പന - തേനി തുങ്കപാത തുടങ്ങി നിരവധി വികസന പദ്ധതികളും ബജറ്റിൽ ഇടം പിടിച്ചു. ഇതൊക്കെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളാണ്. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ പദ്ധതികളൊന്നും പറയുന്നില്ല. അത് തെരഞ്ഞെടുപ്പ് കാലമായതിനാലാകാം. വാർഷിക പദ്ധതി ഉയർത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ നാളുകളായി വർധന ഉണ്ടായിരുന്നില്ല. ഉള്ളത് തന്നെ വെട്ടി കുറയ്ക്കുകയോ വിനിയോഗം കുറയുകയോ ചെയ്തിരുന്നു. ബജറ്റിലെ പ്രഖ്യാപന ധാരാളിത്തത്തെ പ്രതിപക്ഷം തള്ളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.