കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നൊഴികെ സംസ്ഥാനത്തെ പുറപ്പെടല്‍ കേന്ദ്രങ്ങളായ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകളുടെ സമയക്രമം സംസ്ഥാന ഹജ്ജ് കമ്മിറ്റി പുറത്തുവിട്ടു. കൊച്ചിയില്‍ നിന്ന് ഏപ്രില്‍ 30നും കണ്ണൂരില്‍ നിന്ന് മേയ് അഞ്ചിനുമാണ് ആദ്യ വിമാനങ്ങള്‍. കേരളത്തിലെ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നും സൗദിയിലെ ജിദ്ദയിലേക്കാണ് സര്‍വീസുകള്‍. ഹജ്ജ് കര്‍മം പൂര്‍ത്തീകരിച്ച് മദീനയില്‍ നിന്നാണ് മടക്കയാത്ര. കൊച്ചിയില്‍ നിന്ന് ഫ്ളൈ നാസ് വിമാന കമ്പനിയും കണ്ണൂരില്‍ നിന്ന് ഫ്ളൈ അദീല്‍ കമ്പനിയുമാണ് ഹജ്ജ് സര്‍വീസ് നടത്തുന്നത്. കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്തുന്ന ആകാശ് എയര്‍ ഇതുവരെ സമയക്രമം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
കൊച്ചിയില്‍ നിന്ന് ഏപ്രില്‍ 30ന് ഉച്ചക്ക് 2.10നാണ് ആദ്യ വിമാനം. 427 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഫ്ളൈ നാസ് സര്‍വീസിനുപയോഗിക്കുന്നത്. 20 സര്‍വീസുകളാണ് കൊച്ചിയില്‍ നിന്നുണ്ടാകുക. ആദ്യ ആദ്യ ദിവസം 410 പേരും മറ്റ് ദിവസങ്ങളിലെ വിമാനങ്ങളില്‍ 427 വീതം തീര്‍ഥാടകരും മക്കയിലേക്ക് തിരിക്കും.
മെയ് 19നാണ് അവസാന വിമാനം. കുറഞ്ഞ ദിവസങ്ങള്‍ക്കകം ഹജ്ജ് കര്‍മം നിര്‍വഹിച്ച് മടങ്ങുന്ന ‘ഷോര്‍ട്ട് ഹജ്ജ്’ പട്ടികയിലുള്‍പ്പെട്ട തീര്‍ഥാടകര്‍ കൊച്ചിയില്‍ നിന്നാണ് യാത്രയാകുക. ഇവര്‍ക്കായി മെയ് 17, 18, 19 ദിവസങ്ങളിലായി മൂന്ന് സര്‍വീസുകളാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.
കണ്ണൂരില്‍ നിന്നുള്ള ഫ്ളൈ അദീലിന്റെ ആദ്യ ഹജ്ജ് വിമാനം തീര്‍ഥാടകരുമായി മെയ് അഞ്ചിന് രാത്രി 11.30ന് പറന്നുയരും. അവസാന സര്‍വീസ് മെയ് 14നാണ്. 348 തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കാവുന്ന 13 സര്‍വീസുകളാണ് കണ്ണൂരില്‍ നിന്നുള്ളത്. മെയ് ഏഴ്, 10, 12 ദിവസങ്ങളില്‍ രണ്ട് വിമാനങ്ങളും മറ്റ് ദിവസങ്ങളില്‍ ഓരോ വിമാനങ്ങളുമാണ് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.
കൊണ്ടോട്ടി: തീര്‍ഥാടകര്‍ക്ക് യാത്രതിയതിയും വിമാനവും ഓണ്‍ലൈനായി തെരഞ്ഞെടുക്കാൻ അവസരമൊരുക്കി ഹജ്ജ് കമ്മിറ്റി. ഈ വര്‍ഷം മുതലാണ് ഇതെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി. തീര്‍ഥാടകര്‍ക്ക് ലഭിച്ച ഓരോ കവറിലേയും യൂസര്‍ ലോഗിനില്‍ വിമാന ബുക്കിങ്ങിനുള്ള സൗകര്യം ലഭ്യമാണ്. താൽപര്യമുള്ള തിയതി ലഭ്യതക്കനുസരിച്ച് തെരഞ്ഞെടുക്കാനാണ് അവസരം. നാല് ദിവസത്തേക്കാണ് ഈ സൗകര്യമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ക്കുലര്‍ നമ്പര്‍ 29 പരിശോധിക്കുകയോ ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെടുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.