ബാങ്ക് കവർച്ച നടത്തിയയാൾ സ്കൂട്ടറിൽ എത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യം, തെളിവെടുപ്പിനായി പൊലീസ് ബാങ്കിലെത്തിയപ്പോൾ

പണം കവർന്നത് സെക്കൻഡുകൾക്കകം; ഫെഡറൽ ബാങ്കിലെ ഞെട്ടിക്കുന്ന കവർച്ചയിൽ മോഷ്ടാവിനായി തിരച്ചിൽ ഊർജിതം

തൃശൂർ: ഫെഡറൽ ബാങ്കിന്‍റെ ചാലക്കുടി പോട്ട ശാഖലയിൽ പട്ടാപ്പകൽ നടന്ന കവർച്ചയിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും മോഷ്ടാവ് ഏതുഭാഗത്തേക്കാണ് സ്കൂട്ടറുമായി കടന്നതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. തിരക്ക് കുറവുള്ള സമയം വ്യക്തമായി മനസ്സിലാക്കി കവർച്ച നടത്തിയ അക്രമി, മുഖം പൂർണമായി മൂടിയിരുന്നു. ബാങ്കിന്‍റെ പ്രവർത്തന രീതിയും സമയവും വ്യക്തമായി അറിയാവുന്നയാളാണ് മോഷ്ടാവ്.

പണം എവിടെയാണുള്ളതെന്ന കാര്യമുൾപ്പെടെ നേരത്തെ അറിയാവുന്നയാൾ, വ്യക്തമായ പദ്ധതിയോടെയാണ് കവർച്ച നടത്തിയതെന്നും പൊലീസ് കണക്കുകൂട്ടുന്നു. സ്കൂട്ടറിലെത്തിയ അക്രമി ബാങ്കിനുള്ളിലേക്ക് കയറുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. ജാക്കറ്റും ഹെൽമറ്റും ധരിച്ചതിനാൽ, ഏകദേശ ഉയരവും ഭാരവും കണക്കാക്കാമെന്നല്ലാതെ മറ്റ് അടയാളങ്ങളൊന്നും ലഭിച്ചിട്ടില്ല. ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷമാണ് കൗണ്ടറിൽ പ്രവേശിച്ച് പണവുമായി സ്ഥലംകാലിയാക്കിയത്.

കൗണ്ടറിലെ വലിപ്പിൽനിന്ന് പണമെടുത്ത് ബാഗിൽ നിറക്കാനും പുറത്തേക്ക് പോകാനും ഏതാനും സെക്കൻഡുകൾ മാത്രമാണ് വേണ്ടിവന്നത്. സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ഉൾപ്പെടെ എത്തിയിട്ടുണ്ട്. വൈകാതെ മോഷ്ടാവിനെക്കുറിച്ച് സൂചന ലഭിക്കുന്ന എന്തെങ്കിലും തുമ്പ് ലഭിക്കുമെന്ന് പൊലീസ് കണക്കുകൂട്ടുന്നു. ക്യാഷ് കൗണ്ടറിൽനിന്ന് 15 ലക്ഷം രൂപയോളമാണ് അപഹരിച്ചത്. കൗണ്ടറിന്‍റെ ഗ്ലാസ് തല്ലിത്തകർത്ത് ഉള്ളിൽ പ്രവേശിച്ച ശേഷമാണ് പണം എടുത്തത്. കൃത്യമായ തുക എത്രയാണെന്നത് ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല.

സംഭവസമയത്ത് ബാങ്കിലുണ്ടായിരുന്നത് എട്ട് ജീവനക്കാരാണെന്നാണ് വിവരം. ഇവർ ഉച്ചഭക്ഷണം കഴിക്കാൻ ഒരുങ്ങവെയാണ് മോഷ്ടാവ് ബാങ്കിനകത്ത് എത്തുന്നത്. കാഷ്യറോട് താക്കോൽ എവിടെയാണെന്ന് അക്രമി ചോദിച്ചത് ഹിന്ദിയിലാണ്. വനിതാ ജീവനക്കാരിയാണ് ഈ സമയത്ത് കൗണ്ടറിലുണ്ടായിരുന്നത്. മോഷ്ടാവ് 35 വയസ്സിൽ താഴെ പ്രായമുള്ള ആളാകാമെന്നാണ് പൊലീസിന്റെ നിഗമനം. മോഷണത്തിനു പിന്നാലെ ഇടവഴികളിലൂടെയാണ് ഇയാൾ പുറത്തിറങ്ങിയത്.

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടേകാലോടെയാണ് കവർച്ച നടന്നത്. ബാങ്കിൽനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങൾ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്. സമീപത്തെ വ്യാപര സ്ഥാപനങ്ങളിൽനിന്ന് ഉൾപ്പെടെയുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. മോഷ്ടാവിനായുള്ള അന്വേഷണം ഊർജിതമാക്കിയെന്ന് ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ പറഞ്ഞു.

Tags:    
News Summary - Police intensified investigation in robbery at Federal Bank Potta Branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.