തിരുവനന്തപുരം: ആർ.ഡി.ഒ നവീൻ ബാബു കേസിന്റെ തുടർച്ച പൊലീസ് തലപ്പത്തേക്കും. കണ്ണൂരിലെ വിവാദ കമ്പനിയെയും മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയെയും തൊട്ടതോടെ ഉയർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ കസേരക്കും ഇളക്കം. കെ.എസ്.യു സംസ്ഥാന വൈസ്പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫെബ്രുവരി 21ന് ദിവ്യക്കെതിരെ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയോടെയാണ് ആഭ്യന്തര വകുപ്പിലെ കസേരകളിയുടെ തുടക്കം. പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയതോടെ ദിവ്യക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ നിർദേശം നൽകി. ഇതിന് പിന്നാലെയാണ് പൊലീസ് തലപ്പത്ത് അസാധാരണ അഴിച്ചുപണി ഉണ്ടായത്.
വിജിലൻസ് മേധാവി ഡി.ജി.പി യോഗേഷ് ഗുപ്തയെ ഫയർഫോഴ്സ് മോധാവിയാക്കി മാറ്റി. മേയ് ഒന്നിന് ഫയർഫോഴ്സ് മേധാവിയായി നിയമിച്ച മനോജ് എബ്രഹാമിനാണ് പകരം ചുമതല. യു.പി.എസ്.സി അംഗീകരിച്ച സംസ്ഥാന പൊലീസ് മേധാവി പട്ടികയിൽ ഇടംപിടിച്ച മൂന്നുപേരിൽ ഒരാളാണ് യോഗേഷ് ഗുപ്ത.
ഇതേ വിഷയത്തിൽ, കണ്ണൂർ വിജിലൻസിലെ മറ്റൊരു ഉദ്യോഗസ്ഥനെ നേരത്തേ സ്ഥലംമാറ്റിയിരുന്നു. കണ്ണൂർ വിജിലൻസിൽനിന്ന് കണ്ണൂർ സിറ്റി ന്യൂ മാഹി സ്റ്റേഷനിലേക്ക് മാറ്റിയ ഇൻസ്പെക്ടർ പി.എ. ബിനുമോഹനന്റെ സഹോദരൻ വിവാദ കമ്പനിയുടെ ഡയറക്ടറാണെന്ന വിവരം പുറത്ത് വിട്ടതോടെയാണ് ബിനുമോഹനെ സ്ഥലംമാറ്റിയതെന്ന് മുഹമ്മദ് ഷമ്മാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ബിനാമി കമ്പനി രൂപവത്കരിച്ച് ജില്ല പഞ്ചായത്തിന്റെ 12 കോടിയോളം രൂപയുടെ കരാറുകൾ നൽകിയെന്നും ഈ സ്ഥാപനം കണ്ണൂരിലെ പാലക്കയംതട്ടിൽ ഭൂമി വാങ്ങിയെന്നും ദിവ്യയുമായി അടുത്തബന്ധമുള്ള വിജിലൻസ് ഉദ്യോഗസ്ഥൻ ബിനുമോഹന്റെ സഹോദരൻ കമ്പനി ഡയറക്ടറാണെന്നതും അടക്കം പരാതിക്കാരന്റെ ആരോപണങ്ങൾ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചു. പരാതിയിലെ പ്രാഥമികാന്വേഷണ വിവരങ്ങൾ ആവശ്യപ്പെട്ട് ഷമ്മാസ് വിജിലൻസിന് വിവരാവകാശ അപേക്ഷ നൽകിയെങ്കിലും തുടർനടപടി സ്വീകരിച്ച് വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമാക്കാനാവില്ലെന്നുമായിരുന്നു മറുപടി.
വനംവകുപ്പിലെ അഴിമതിക്കാരനായ ഉദ്യോഗസ്ഥനെ യോഗേഷ് ഗുപ്തയുടെ റിപ്പോർട്ട് അവഗണിച്ച് സർവിസിൽ തിരിച്ചെടുത്തിട്ടുണ്ട്. വിവിധ പൊതുമേഖലാസ്ഥാപനങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്തി കേസെടുക്കാൻ സർക്കാറിനോട് അനുമതി തേടിയതും യോഗേഷിനെ സർക്കാറിന്റെ അനഭിമതനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.