മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട ക്വട്ടേഷൻ സംഘത്തെ മലപ്പുറം പൊലീസ് പിടികൂടി. വേങ്ങര സ്വദേശിയായ പ്രവാസി അബ്ദുൽ മുനീറിനെയാണ് (26) ബുധനാഴ്ച വൈകീട്ട് മൂന്നോടെ വേങ്ങര അങ്ങാടിയിൽനിന്ന് തട്ടിക്കൊണ്ടുപോയത്. ഇയാളുടെ കാറും മൊബൈലും സംഘം കൈക്കലാക്കി. മലപ്പുറം ചക്കിങ്ങൽത്തൊടി അബ്ദുൽ റഷീദ് (39), പണ്ടാരത്തൊടി സജാദ് (27), പറമ്പൻ അബ്ദുൽ സമദ് (30), ഒാലപ്പുലാൻ സക്കീർ (28), കോപിലാക്കൽ സൈതലവി (43) എന്നിവരാണ് പിടിയിലായത്. മണിക്കൂറുകളോളം നീണ്ട ഓപറേഷനിലൂടെയാണ് വ്യാഴാഴ്ച പുലർച്ച അഞ്ചുപേരെയും ഇവർ സഞ്ചരിച്ചിരുന്ന വാഹനങ്ങളിലൊന്നും പിടിച്ചെടുത്തത്. വെസ്റ്റ് കോഡൂർ സ്വദേശി ഫൈസൽ, വേങ്ങര സ്വദേശിയും നിരവധി കേസിൽ പ്രതിയുമായ നിസാമുദ്ദീൻ എന്നിവരെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
മുനീറിെൻറ കാറും മൊബൈലും കണ്ടെത്താനായിട്ടില്ല. സംഘാംഗങ്ങളിൽ ചിലരെ പിടികൂടിയതറിഞ്ഞ് മുനീറിനെ വ്യാഴാഴ്ച വെളുപ്പിന് മർദിച്ച് അവശനാക്കിയ നിലയിൽ കോട്ടപ്പടിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രണ്ടുദിവസം മുമ്പ് ക്വട്ടേഷൻ സംഘം ഇദ്ദേഹത്തെ അന്വേഷിച്ച് വീട്ടിലെത്തിയിരുന്നു. എന്നാൽ, മുനീർ വീട്ടിലില്ലെന്ന് മനസ്സിലായ സംഘം കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയാണ് മടങ്ങിയത്.
ഇങ്ങനെ മടങ്ങിയ സംഘം ബുധനാഴ്ച വേങ്ങര അങ്ങാടിയിൽ കാറുമായെത്തിയ അബ്ദുൽ മുനീറിനെ അതേ വാഹനത്തിൽതന്നെ ആദ്യം പെരിന്തൽമണ്ണയിലേക്കും പിന്നീട് മഞ്ചേരിയിലേക്കും കൊണ്ടുപോകുകയായിരുന്നു. വാഹനത്തിൽ വെച്ച് ഇയാൾക്ക് സംഘാംഗങ്ങളിൽനിന്ന് ക്രൂര മർദനം ഏൽക്കേണ്ടിവന്നതായി പൊലീസ് പറഞ്ഞു. അബ്ദുൽ മുനീർ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പരാതിക്കാരനും പ്രതികളിൽ ചിലരും തമ്മിൽ വിദേശത്തുവെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ െബഹ്റയുടെയും നിർദേശപ്രകാരം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പദ്ധതിയൊരുക്കിയത്.
പൊലീസെത്തിയത് ബന്ധുക്കളെന്ന വ്യാജേന
യുവാവിനെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘത്തെ പൊലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ. മോചനദ്രവ്യം നൽകാെനത്തിയ ബന്ധുക്കളെന്ന വ്യാജേനയാണ് പൊലീസ് സംഘത്തെ പിടികൂടിയത്. അബ്ദുൽ മുനീറിനെ കൊണ്ട് ക്വേട്ടഷൻ സംഘം ഫോണിൽ ഭാര്യയെ വിളിപ്പിച്ചിരുന്നു. 25 ലക്ഷത്തിലധികം രൂപ നൽകിയില്ലെങ്കിൽ ഭർത്താവിനെ കൊല്ലുമെന്നായിരുന്നു ഭീഷണി. പണമില്ലെന്ന് അറിയിച്ചതോടെ ബന്ധുക്കളിൽനിന്ന് ഇൗ തുകക്കുള്ള സ്വർണം ശേഖരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതറിഞ്ഞ ബന്ധുക്കളാണ് സംഭവം പൊലീസിെന അറിയിച്ചത്.
തുടർന്ന് മോചനദ്രവ്യവുമായി എത്തുന്ന ബന്ധുക്കൾ എന്ന വ്യാജേന പൊലീസ് സംഘം മുനീറിെൻറ ഭാര്യക്കൊപ്പം യാത്ര തിരിച്ചു. മറ്റൊരു പൊലീസ് സംഘം ബൈക്കിൽ ഇവരെ അനുഗമിച്ചു. സംഘത്തിെൻറ നിർദേശപ്രകാരം വൈകീട്ട് ഏഴോടെ മലപ്പുറം മച്ചിങ്ങൽ ബൈപാസിലെ വിദേശമദ്യാശാലക്ക് സമീപമെത്തി. പണം വാങ്ങാൻ കാറിനടുത്തെത്തിയ മൂന്നുപേരെ പൊലീസ് പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് അബ്ദുൽ മുനീറിനെ തടഞ്ഞുവെച്ചവരെ കുറിച്ച് വിവരം ലഭിച്ചു. സംഘത്തിലെ രണ്ടുപേരെക്കൂടി പിടികൂടാനായെങ്കിലും ബാക്കിയുള്ളവർ മുനീറുമായി രക്ഷപ്പെട്ടു. പിന്നീട് ഇയാളെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
മലപ്പുറം സി.ഐ എ. പ്രേംജിത്ത്, വേങ്ങര എസ്.ഐ അബ്ദുൽ ഹക്കീം എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘങ്ങളാണ് ഒാപറേഷന് നേതൃത്വം നൽകിയത്. മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മലപ്പുറം ജൂനിയര്‍ എസ്.ഐ ബിജു, സ്പെഷല്‍ സ്ക്വാഡ് അംഗം എ.എസ്.ഐമാരായ സാബുലാല്‍, ലത്തീഫ്, എസ്.സി.പി.ഒ രജീന്ദ്രന്‍, സി.പി.ഒമാരായ അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.