'രാത്രി കടയുടെ ഷട്ടറിനോട് ചേർന്ന് തുണി വിരിച്ച്​ കിടക്കും, തുടർന്ന്​ താഴ്​ അറക്കും'; പിടികിട്ടാപ്പുള്ളി പൊലീസ്​ വലയിലായി

ആലുവ: അന്തർസംസ്‌ഥാന മോഷ്ടാവ് ആലുവയിൽ പിടിയിൽ. തൂത്തുക്കുടി ലഷ്മിപുരം നോർത്ത് സ്ടീറ്റിൽ കനകരാജ് (40) നെയാണ് ആലുവ പൊലീസ് പിടികൂടിയത്. ആലുവ പട്ടണത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ വ്യാപാര സ്‌ഥാപനങ്ങളിൽ മോഷണം നടത്തിയ ശേഷം അടുത്തതിന് തയ്യാറെടുക്കുമ്പോഴാണ് റയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ആലുവയിലെ തുണിക്കടയിലും, ഇലക്ട്രിക് ഷോപ്പിലും മോഷണം നടത്തിയത് കനകരാജാണ്. മോഷണം നടത്തേണ്ട സ്‌ഥലം പകൽ കണ്ടു വക്കും. രാത്രി കടയുടെ ഷട്ടറിനോട് ചേർന്ന് തുണി വിരിച്ച് കിടക്കുകയും, മണിക്കൂറുകൾക്ക് ശേഷം താഴ് അറുത്ത് അകത്ത് കയറി മോഷണം നടത്തുകയുമാണ് പതിവ്. ടോർച്ച് ഉപയോഗിക്കാതെ തീപ്പെട്ടിക്കൊള്ളി ഉരച്ചാണ് വെളിച്ചം സൃഷ്ടിക്കുകയെന്നതും ഇയാളുടെ ശീലമാണ്. ആലുവയിലും ഈ രീതി തന്നെയാണ് ഉപയോഗിച്ചത്. മൊബൈൽ ഫോൺ ഉപയോഗിക്കാറുമില്ല.

മോഷണത്തെ തുടർന്ന് എസ്.പി കാർത്തിക്കിെൻറ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് ജില്ലയാകെ അന്വേഷണം നടത്തിവരികയായിരുന്നു. 1999 ലാണ് ഇയാളെ അവസാനമായി പൊലീസ് പിടികൂടുന്നത്. മോഷണ കേസിൽ തൃശൂർ പൊലീസാണ് അന്ന് ഇയാളെ അറസ്‌റ്റ് ചെയ്തത്. തുടർന്ന് കനകരാജ് കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണം നടത്തിയെങ്കിലും 22 വർഷങ്ങൾക്കു ശേഷമാണ് കേരള പൊലീസിൻറെ പിടിയിലാക്കുന്നത്. കായംകുളം, തൃശൂർ ഈസ്‌റ്റ്, ആലപ്പുഴ സൗത്ത്, നോർത്ത്, എറണാകുളം സെൻട്രൽ , പാലാരിവട്ടം, തിരുന്നൽവേലി, കോയമ്പത്തൂർ, കുലശേഖരം എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണം നടത്തിയിട്ടുണ്ടെന്ന് കനകരാജ് പൊലീസിനോട് പറഞ്ഞു.

ഒരു സ്‌ഥലത്തും സ്‌ഥിരമായി നിൽക്കാതെ യാത്ര ചെയ്ത് മോഷണം നടത്തലാണ് ഇയാളുടെ രീതി. ആലുവയിൽ രാത്രി പൊലീസ് റയിൽവേ സ്റ്റേഷൻ പരിസരം വളഞ്ഞിട്ടാണ് മോഷ്ടാവിനെ പിടികൂടിയത്. പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമമുണ്ടായി. തുണക്കടയിൽ നിന്നും മോഷ്ടിച്ച വസ്ത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മോഷണ വസ്തുക്കൾ വിറ്റു കിട്ടുന്ന പണം ലഹരി വസ്തുക്കൾ വാങ്ങുന്നതിനും ആർഭാട ജീവിതത്തിനുമാണ് ഉപയോഗിക്കുന്നത്. ഇൻസ്പെക്ടർ സി.എൽ.സുധീർ, എസ്.ഐമാരായ ആർ.വിനോദ്, രാജേഷ് കുമാർ, എ.എസ്.ഐ സോജി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, അമീർ, സജീവ്, ഹാരിസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ആലുവയിൽ പട്രോളിങിന് കൂടുതൽ പൊലീസ് ഉദ്യോഗസ്‌ഥരെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കനകരാജിൻറെ കുറ്റകൃത്യങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തുമെന്നും എസ്.പി കെ.കാർത്തിക്ക് പറഞ്ഞു.

Tags:    
News Summary - Police arrest inter-State burglar arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.