തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങിയ ആറ് മുൻ എം.എൽ.എമാരിൽ രണ്ടുപേർക്ക് തോൽവി. നാലുപേർ വിജയിച്ചു. ഇടുക്കി കട്ടപ്പന മുനിസിപ്പാലിറ്റി ഇരുപതേക്കർ ഡിവിഷനിൽ ഇ.എം. ആഗസ്തി, പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് ആറാം വാർഡിൽ എ.വി. ഗോപിനാഥ് എന്നിവരാണ് പരാജയപ്പെട്ടത്. തിരുവനന്തപുരം കോർപറേഷൻ കവടിയാർ ഡിവിഷനിൽ കെ.എസ്. ശബരീനാഥൻ, കൊല്ലം ജില്ല പഞ്ചായത്ത് ചടയമംഗലം ഡിവിഷനിൽ ആർ. ലതാദേവി, മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിൽ കെ.സി. രാജഗോപാൽ, അടാട്ട് പഞ്ചായത്ത് 15ാം വാർഡിൽ അനിൽ അക്കര എന്നിവരാണ് വിജയിച്ചത്.
വിജയിച്ച നാല് മുൻ എം.എൽ.എമാരിൽ രണ്ടുപേർ തദ്ദേശ സ്ഥാപന അധ്യക്ഷസ്ഥാനത്ത് എത്തിയേക്കും. കെ.എസ്. ശബരീനാഥനും കെ.സി. രാജഗോപാലും ജയിച്ചെങ്കിലും തദ്ദേശ സ്ഥാപനത്തിൽ അവരുടെ മുന്നണിക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും. കട്ടപ്പന മുനിസിപ്പാലിറ്റി ചെയർമാനാവുകയെന്ന ലക്ഷ്യത്തോടെ മത്സരത്തിനിറങ്ങിയ ഇ.എം. ആഗസ്തി 58 വോട്ടിനാണ് എൽ.ഡി.എഫ് സ്ഥാനാർഥിയോട് തോറ്റത്. കട്ടപ്പന മുനിസിപ്പാലിറ്റിയിൽ യു.ഡി.എഫിന് മുൻതൂക്കം ലഭിച്ചപ്പോഴാണ് ചെയർമാൻ സ്ഥാനാർഥി തോറ്റത്. പെരിങ്ങോട്ടുകുറുശ്ശിയിലെ 50 വർഷത്തെ കോൺഗ്രസ് ഭരണം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ ഇടതുമുന്നണിക്കൊപ്പം മത്സരിച്ച മുൻ ഡി.സി.സി പ്രസിഡന്റ് കൂടിയായ എ.വി. ഗോപിനാഥ് 130 വോട്ടിനാണ് പരാജയപ്പെട്ടത്. എ.വി. ഗോപിനാഥ് നേതൃത്വം നൽകിയ സ്വതന്ത്ര ജനാധിപത്യ മുന്നണിയുടെ ആറു സ്ഥാനാർഥികളും തോറ്റു.
കഴിഞ്ഞ തവണ കൈവിട്ടുപോയ അടാട്ട് പഞ്ചായത്ത് തിരിച്ചുപിടിക്കാൻ ഇറങ്ങിയ അനിൽ അക്കര ലക്ഷ്യം നേടി. 15ാം വാർഡ് ബി.ജെ.പിയിൽനിന്ന് അനിൽ അക്കര 319 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിരിച്ചുപിടിച്ചതിനൊപ്പം യു.ഡി.എഫ് ഏറ്റവും വലിയ കക്ഷിയുമായി. ആകെ 20ൽ ഒമ്പതു സീറ്റ് യു.ഡി.എഫിനും ഏഴെണ്ണം എൽ.ഡി.എഫിനും നാലെണ്ണം എൻ.ഡി.എക്കും ലഭിച്ചു.
കൊല്ലം ജില്ല പഞ്ചായത്ത് ചടയമംഗലം ഡിവിഷനിൽ മത്സരിച്ച, മന്ത്രി ജി.ആർ. അനിലിന്റെ ഭാര്യയും മുൻ എം.എൽ.എയുമായ ആർ. ലതാദേവി 4973 വോട്ടിനാണ് ജയിച്ചത്. മെഴുവേലി പഞ്ചായത്തിലെ എട്ടാം വാർഡിൽ മുൻ എം.എൽ.എ സി.പി.എമ്മിലെ കെ.സി. രാജഗോപാൽ 28 വോട്ടിന് ജയിച്ചെങ്കിലും പ്രതിപക്ഷത്ത് ഇരിക്കാനാണ് വിധി. പഞ്ചായത്തിൽ യു.ഡി.എഫിനാണ് ഭൂരിപക്ഷം. തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസ് ഇറക്കിയ ശബരീനാഥൻ കവടിയാർ ഡിവിഷനിൽ വിജയിച്ചെങ്കിലും കോൺഗ്രസിന് ഭൂരിപക്ഷമില്ലാത്തതിനാൽ ഭരണത്തിലെത്താനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.