മുഖ്യമന്ത്രി പിണറായി വിജയൻ

സ്വയംകൃതാനർഥമാണ് ഇടതുപക്ഷം അനുഭവിക്കുന്നത്. തങ്ങൾ പറയുന്നതും ചെയ്യുന്നതുമാണ് ശരിയെന്നും ജനം അതുമാത്രമാണ് വിശ്വസിക്കുന്നതെന്നും തങ്ങൾ പറയുന്നത് പോലെ ചെയ്തുകൊള്ളുമെന്നും ഇടതുപക്ഷത്തിനും മുഖ്യമന്ത്രി പിണറായി വിജയനുമുണ്ടായിരുന്ന മൗഢ്യ വിചാരമാണ് തദ്ദേശ ഫലത്തോടെ തകർന്നടിഞ്ഞത്. ഭരണവിരുദ്ധ വികാര കുത്തൊഴുക്കിൽ ഒലിച്ചുപോയ ഭരണപക്ഷം ജനമനസ്സിലെ രോഷത്താൽ ഞെരിപിരി കൊള്ളുകയാണ്. ക്ഷേമ പെൻഷൻ വർധന അടക്കം പ്രഖ്യാപിച്ച മിനിബജറ്റ് കൊണ്ട് അത് തടുത്തുനിർത്താനായില്ല.

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ തനിയാവർത്തനം തന്നെയാണ് ഇതും. ഇന്നോളം കോട്ട കെട്ടി സൂക്ഷിച്ചിരുന്ന പല തദ്ദേശ സ്ഥാപനങ്ങളും അടപടലം മറിഞ്ഞത് അവർക്ക് അത്ര ശുഭസൂചനയല്ല. നേതാക്കളുടെ ധാർഷ്ട്യം, ധൂർത്ത്, വിലകയറ്റം, തൊഴിലില്ലായ്മ, ഇഷ്ടക്കാരെ കുത്തിനിറക്കൽ, അഴിമതി ആരോപണങ്ങൾ, സാമ്പത്തിക പ്രതിസന്ധി ഒക്കെ ഇടതിന്‍റെ പരാജത്തിന് വഴിയൊരുക്കിയ ഘടകങ്ങളാണ്. ഗ്രാമ, ബ്ലോക്ക് തലങ്ങളിൽ എന്നും കൈവരിച്ചിരുന്ന മേൽകൈ ഇടതിന് നഷ്ടമായി. കുത്തകയാക്കി വച്ചിരുന്ന കോർപറേഷനുകൾ കൈവിട്ടു. തഴെ തട്ടിൽ സർക്കാറിനും ഭരണമുന്നണിക്കുമെതിരായ അതിശക്തമായ വികാരം നേതാക്കൾ ഗൗരവത്തിലെടുത്തില്ല.

ലോക്സഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് നീക്കം നടത്തി പരാജയപ്പെട്ട ഇടതുമുന്നണി തൊട്ടുപിന്നാലേ ഭൂരിപക്ഷ വോട്ടെന്ന മറുതന്ത്രത്തിലേക്ക് കളം മാറ്റിയിട്ടും നിലംതൊട്ടില്ല. യു.ഡി.എഫിനെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന ആരോപണത്തിന് പുറമെ തീവ്രവാദ മുദ്രചാർത്തി നൽകാനും ശ്രമിച്ചു. തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തിലും അവസാന ഘട്ടത്തിലും മുഖ്യമായും സി.പി.എം ഈ ആരോപണങ്ങളിലാണ് ശ്രദ്ധയൂന്നിയത്. ഇതിന്‍റെ ഗുണം സി.പി.എമ്മിന് ലഭിച്ചില്ലെന്ന് മാത്രമല്ല കുച്ചൊക്കെ ബിജെ.പിക്ക് ലഭിക്കുകയും ചെയ്തു.

മുസ്ലിം സമുദായത്തെയും മലപ്പുറം ജില്ലയെയും അടച്ചാക്ഷേപിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശനെ തുടർച്ചയായി പ്രശംസിക്കുന്ന സമീപനം മുഖ്യന്ത്രിയുടെയും ഇടത് നേതാക്കളും സ്വീകരിക്കുകയും ചെയ്തു. അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിലായിരുന്നു വെള്ളാപ്പിള്ളി എത്തിയത്. സി.പി.എം ഒരു കാലത്തും പറയാത്ത വിധം മതവിഷയങ്ങൾ എടുത്തിട്ട് പ്രചാരണ വിഷയമാക്കിയിട്ടും ജനം ചെവിക്കൊണ്ടില്ലെന്ന് ഫലം വ്യക്തമാക്കുന്നു.

ശബരിമലയിലെ സ്വർണക്കൊള്ള ഇടതിന്‍റെ പരാജയത്തിൽ നിർണായക ഘടകമായി. പി.എം ശ്രീയിൽ ഒപ്പിട്ടതടക്കം ഇടതുസർക്കാറിന്‍റെ നീക്കങ്ങൾ സി.പി.എം ബി.ജെ.പിക്ക് കീഴടങ്ങുന്നു എന്ന ചിന്ത ശക്തിപ്പെടുത്തി. തൃശൂരിലെ ബി.ജെ.പി വിജയത്തിന്‍റെ വിവാദങ്ങൾ ഇതിനോട് ചേർത്ത് വായിക്കപ്പെട്ടു. സംസ്ഥാനത്തിന്‍റെ എല്ലാ വിഭാഗങ്ങളുടെയും സ്വാധീനമേഖലകളിലും എല്ലാ പ്രദേശങ്ങളിലും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായി.

സാമുദായിക-രാഷ്ട്രീയ നിലപാടുകളും ഇതിൽ കാണാനാകും. പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള മധ്യകേരളത്തിൽ യു.ഡി.എഫിന് തിരിച്ചുവരവ് നടത്താനായി. പഴയ പ്രതാപത്തിലേക്ക് അവർ തിരിച്ചു വന്നുവെന്ന് പറയാം. കേരള കോൺഗ്രസ് മാണിഗ്രൂപ്പ് എത്തിയതോടെ ഈ മേഖലയിൽ കൈവരിച്ച നേട്ടം ഇടതിന് നഷ്ടമായി. മാണി ഗ്രൂപ്പിനും കനത്ത തിരിച്ചടി നേരിട്ടു. കേരള കോൺഗ്രസിന്‍റെ നിലപാട് ഇനി എന്താവും എന്നത് ആകാംഷയുണ്ടാക്കുന്നു. മലപ്പുറത്ത് ലീഗ് വലിയ നേട്ടമുണ്ടാക്കി. ഏത് രാഷ്ട്രീയ കാറ്റിലും ചലിക്കാതെ ഇടതിന് അപ്രമാധിത്വം നൽകിയിരുന്ന കൊല്ലം, കോഴിക്കോട് ജില്ലകൾ കൈവിട്ടത് വലിയ ക്ഷീണമാണ്.

നാല് നിയമസഭ മണ്ഡലങ്ങളുടെ വലിപ്പമുള്ള തലസ്ഥാന കോർപറേഷൻ ഭരണം പിടിക്കാനായത് ബി.ജെ.പി.ക്ക് നേട്ടം തന്നെയാണ്. കൊല്ലം, കോഴിക്കോട് നഗരങ്ങളിലും അവർ നേട്ടമുണ്ടാക്കി. മിക്ക തദ്ദേശ സ്ഥാപനങ്ങളിലും അക്കൗണ്ട് തുറക്കാനും അവർക്ക് കഴിഞ്ഞു. ഇടതിന്‍റെ പല ശക്തി കേന്ദ്രങ്ങളിലേക്കും ബി.ജെ.പി. കടന്നുകയറുകയും ചെയ്തു. ബി.ജെ.പിയുടെ വളർച്ചക്ക് വേഗതയുണ്ടെന്ന് ഫലം വ്യക്തമാക്കുന്നു. ഭരണവിരുദ്ധ വികാരത്തിന്‍റെ തലസ്ഥാത്തെ ഗുഭോക്താവ് ബിജെ.പിയാണ്. ബി.ജെ.പിയെ പരീക്ഷിച്ച പല തദ്ദേശ സ്ഥാപനങ്ങളും അവരെ പുറം തള്ളിയെന്നും കാണണം. പന്തളം നഗരസഭ ഉദാഹരണം. പാലക്കാട്ടും അവർക്ക് നേട്ടമുണ്ടാക്കാനായില്ല. അഞ്ച് മാസം കഴിഞ്ഞ് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് വഴിമരുന്നാണ് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ഫലം. പത്ത് വർഷ ഭരണത്തിലെ തിരുത്തലിനുള്ള അവസരമാണ് ഇടതുമുന്നണിക്കും.

Tags:    
News Summary - Self-created meaning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.