കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് തദ്ദേശ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകാമെന്ന കേരള കോൺഗ്രസ് മാണിവിഭാഗത്തിന്‍റെ പ്രതീക്ഷകൾ അസ്ഥാനത്താക്കിയാണ് യു.ഡി.എഫ് ‘കൊടുങ്കാറ്റ്’ ആഞ്ഞുവീശിയത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലേക്ക് ചേക്കേറിയ കേരള കോൺഗ്രസ് എം.എൽ.ഡി.എഫിന് സമ്മാനിച്ചത് മികച്ച വിജയമായിരുന്നു. ആ ആത്മവിശ്വാസത്തിൽ കേരള കോൺഗ്രസ് എമ്മിന് കൂടുതൽ പ്രാധാന്യം നൽകിയ എൽ.ഡി.എഫിന്‍റെ കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റി.
പാർട്ടിയുടെ ‘തറവാടായ’ പാലാ മുനിസിപ്പാലിറ്റിയിൽ പോലും വ്യക്തമായ ആധിപത്യത്തിലൂടെ അധികാരത്തിലേറാൻ പാർട്ടിക്ക് സാധിച്ചില്ല. മറ്റു മുനിസിപ്പാലിറ്റികളിലും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലും തങ്ങളുടെ മികവ് പ്രകടിപ്പിക്കുന്നതിലും പരാജയപ്പെട്ടു. ബി.ജെ.പി ഭരിച്ച ഗ്രാമപഞ്ചായത്തുകളായ മുത്തോലി, പള്ളിക്കത്തോട് എന്നിവിടങ്ങളിൽ അവരുടെ അക്കൗണ്ട് പൂട്ടുമെന്ന കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിയുടെ അവകാശവാദം വിജയം കണ്ടെങ്കിലും സ്വന്തം വാർഡിൽ ഉൾപ്പെടെ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
കേരള കോൺഗ്രസിനെ മുഖ്യശത്രുവായി കണ്ടാണ് മാണിവിഭാഗം തെരഞ്ഞടുപ്പിനെ നേരിട്ടതെങ്കിലും ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ യു.ഡി.എഫ് തരംഗത്തിൽ ജോസഫ് വിഭാഗം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ജില്ല പഞ്ചായത്ത് ഡിവിഷനിലെ 23 സീറ്റുകളിൽ ഒരു സ്വതന്ത്രനുൾപ്പെടെ പത്ത് സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസ് എമ്മിന് നാലുസീറ്റുകളിൽ മാത്രമേ വിജയിക്കാനായുള്ളൂ. ജോസഫ് വിഭാഗമാകട്ടെ മത്സരിച്ച അഞ്ച് ഡിവിഷനകളിൽ രണ്ടെണ്ണത്തിൽ വിജയിക്കുകയും ചെയ്തു.
ബ്ലോക്ക് പഞ്ചായത്തുകളിൽ 11ൽ പത്തിലും കഴിഞ്ഞതവണ ജയിച്ച എൽ.ഡി.എഫിന് രണ്ട് സീറ്റുകളിൽ മാത്രമേ ജയിക്കാനായുള്ളൂ. ഇടുക്കി ജില്ലാപഞ്ചായത്തിൽ മൽസരിച്ച നാലുസീറ്റുകളും കേരള കോൺഗ്രസ് എം പരാജയപ്പെട്ടപ്പോൾ സ്വതന്ത്രൻ ഉൾപ്പെടെ മത്സരിച്ച അഞ്ച് സീറ്റുകളിൽ നാലിലും ജയിച്ച് ജോസഫ് വിഭാഗം കരുത്ത് തെളിയിക്കുകയും ചെയ്തു. മറ്റ് പലയിടങ്ങളിലും വ്യക്തമായ സ്വാധീനം ചെലുത്താൻ മാണിവിഭാഗത്തിന് സാധിച്ചതുമില്ല. പത്തനംതിട്ട ജില്ലാപഞ്ചായത്തിൽ മത്സരിച്ച രണ്ട് ഡിവിഷനുകളിലും ജോസഫ് വിഭാഗം വിജയിച്ചപ്പോൾ മാണിവിഭാഗത്തിന് ‘സംപൂജ്യ’രാകേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.