തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയ ആശപ്രവർത്തകരെ പിന്തുണച്ചെത്തിയ സി.എം.പി നേതാവ് സി.പി. ജോൺ കസ്റ്റഡിയിൽ. കസ്റ്റഡിയിലെടുത്ത സി.പി. ജോണിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകാനുള്ള നീക്കം ആശപ്രവർത്തകർ തടഞ്ഞു. ആശപ്രവർത്തകർ പൊലീസ് വാഹനത്തിന് മുമ്പിൽ പ്രതിരോധം തീർത്തു. ബലം പ്രയോഗിച്ച് നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ശക്തമായി പ്രതിരോധിച്ചു.
ആശപ്രവർത്തകരെയും അവർ കൊണ്ടുവന്ന മൈക്ക് സെറ്റും സ്പീക്കറും കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പൊലീസിനെതിരെ പ്രതിരോധം തീർക്കാനായി സി.പി. ജോൺ സമരസ്ഥലത്തെത്തിയത്. ഏറെ നേരത്തെ ശ്രമത്തിന് പിന്നാലെ സി.പി. ജോണിനെയും കൊണ്ട് പൊലീസ് വാഹനം സ്റ്റേഷനിലേക്ക് പോയത്.
അതേസമയം, പ്രതിഷേധിച്ച ആശപ്രവർത്തകരോട് മോശമായാണ് പൊലീസ് പെരുമാറിയതെന്ന് കസ്റ്റഡിയിലായ സമരനേതാവ് ബിന്ദു പൊലീസ് വാഹനത്തിൽ നിന്ന് പറഞ്ഞു. അതിജീവന സമരത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ആശ പ്രവർത്തകർ സമരം നടത്തിയത്.
ആശപ്രവർത്തകരുടെ ആവശ്യങ്ങളോട് അനുഭാവപൂർവമല്ല അധികൃതർ പെരുമാറുന്നത്. അഞ്ച് മണിക്കൂറിലേക്ക് സമരം നീളുമ്പോൾ പ്രശ്നം പരിഹരിക്കാൻ സർക്കാർ തയാറാവുന്നില്ല. വനിത പൊലീസുകാരി യാതൊരു പ്രകോപനവമില്ലാതെ ലാത്തി കൊണ്ട് വയറ്റിൽ കുത്തിയെന്നും എസ്. മിനിയുടെ വസ്ത്രം വലിച്ചുകീറിയെന്നും ബിന്ദു മാധ്യമങ്ങളോട് വ്യക്തമാക്കി.
ആശ വർക്കർമാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബുധനാഴ്‌ച രാവിലെ 11ന് പി.എം.ജിയിൽ നിന്നാരംഭിച്ച മാർച്ച് നന്തന്‍കോട് ജങ്ഷന് സമീപം ബാരിക്കേഡ് തീര്‍ത്ത് പൊലീസ് തടഞ്ഞു. വൻ ജാഥയായി എത്തിയ ആശമാർ മുദ്രാവാക്യം വിളികളോടെ ബാരിക്കേഡിന് മുകളിൽ കയറി. പിന്തിരിപ്പിക്കാൻ നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അസോസിയേഷൻ പ്രസിഡന്റ് വി.കെ. സദാനന്ദൻ സമരം ഉദ്‌ഘാടനം ചെയ്‌തു.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച നേതാക്കളായ എം.എ. ബിന്ദു, എസ്. മിനി ഉൾപ്പെടെ പത്തോളം പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്ത് നന്ദാവനം പൊലീസ് ക്യാമ്പിലേക്ക് മാറ്റി. പാത്രം കൊട്ടി പ്രതിഷേധിച്ച ആശമാർ കനത്ത മഴയിലും പിരിഞ്ഞുപോകാൻ തയാറായില്ല. ഇതിനിടെ പ്രതിഷേധക്കാരുടെ മൈക്കും സ്‌പീക്കറും പിടിച്ചെടുത്തതോടെ സമരം സംഘർഷഭരിതമായി.
മൈക്കും സ്‌പീക്കറും കൊണ്ടുപോകാൻ അനുവദിക്കാതെ പൊലീസ് ജീപ്പിന് മുന്നിൽ കിടന്ന ആശമാരെ നീക്കാൻ പൊലീസിന് നന്നേ പണിപ്പെടേണ്ടി വന്നു. സമരക്കാർക്ക് പിന്തുണയുമായി വന്ന സി.പി. ജോൺ ഉൾപ്പെടെ നേതാക്കളെയും പൊലീസ് സമരസ്ഥലത്തുനിന്ന് മാറ്റി. സുരക്ഷ മേഖലയായ ക്ലിഫ് ഹൗസ് പരിസരം ആറര മണിക്കൂറോളം സംഘർഷഭൂമിയായി മാറി. വൈകീട്ടോടെ കൂടുതൽ വനിത പൊലീസിനെ എത്തിച്ചെങ്കിലും സമരക്കാർ വഴങ്ങിയില്ല. തങ്ങളുടെ ജീവൽപ്രശ്‌നങ്ങളിൽ മുഖ്യമന്ത്രി ഇടപെട്ട് ഉചിത തീരുമാനം എടുത്താൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലായിരുന്നു ആശമാർ.
മുഖ്യമന്ത്രിയെ കാണാൻ സമയം നൽകാമെന്നും അറസ്‌റ്റ് ചെയ്‌തവരെ ഉടൻ വിട്ടയക്കാമെന്നുമുള്ള പൊലീസ് അധികൃതരുടെ ഉറപ്പിൽ വൈകീട്ട് ആറോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കേരളത്തിൽ എല്ലായിടത്തും ആശമാർ വ്യാഴാഴ്‌ച പ്രതിഷേധ ദിനം ആചരിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് വി.കെ. സദാനന്ദൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.