പി.എൻ.ബി തട്ടിപ്പ്: 10 കോടി പോയത് ഓഹരിക്കമ്പോളത്തിൽ; പ്രതിക്കായി ലുക്കൗട്ട് സർക്കുലർ

കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെയടക്കം അക്കൗണ്ടുകളിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയ പഞ്ചാബ് നാഷനൽ ബാങ്ക് (പി.എൻ.ബി) മുൻ സീനിയർ മാനേജർ ഓഹരിക്കമ്പോളങ്ങളിൽ പണം നിക്ഷേപിച്ചത് രാജ്യത്തെ ബ്രോക്കറിങ് സ്ഥാപനം 'സെറോദ' വഴിയെന്ന് ജില്ല ക്രൈംബ്രാഞ്ച് കണ്ടെത്തി. 10 കോടിയിൽപരം രൂപയാണ് ഓഹരികൾക്കും മറ്റുമായി നിക്ഷേപിച്ചത്. ഒരിക്കൽപോലും പണം തിരിച്ചു കിട്ടിയിട്ടില്ല. നിക്ഷേപിച്ച തുകയത്രയും നഷ്ടപ്പെടുന്ന സാഹചര്യമാണുണ്ടായത്.

കോർപറേഷന്റെ അഞ്ച് അക്കൗണ്ടുകളിൽനിന്നായി 10 കോടിയിലേറെ രൂപ പ്രതി എം.പി. റിജിൽ പിതാവ് രവീന്ദ്രന്റെ പേരിൽ അദ്ദേഹമറിയാതെ പി.എൻ.ബിയുടെ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ ശാഖയിൽ ആരംഭിച്ച അക്കൗണ്ടിലേക്കും അതിൽനിന്ന് ആക്സിസ് ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്കും മാറ്റിയാണ് ഓഹരിക്കമ്പോളത്തിൽ നിക്ഷേപിച്ചത്. ഇതിനുള്ള ആപ് ഇയാൾ ഉപയോഗിച്ചിരുന്നു. ആദ്യം ചെറിയ തുകയാണ് ബംഗളൂരു ആസ്ഥാനമായ സ്ഥാപനംവഴി നിക്ഷേപിച്ചത്. ഇത് പോയതോടെ നഷ്ടം നികത്താനാണ് വൻതുക മുടക്കിയതെന്നാണ് സൂചന.

പണം നിക്ഷേപിക്കാനുള്ള ഡീമാറ്റ് അക്കൗണ്ട് റിജിലിനുള്ളതായും കണ്ടെത്തി. ഈ അക്കൗണ്ട് എടുക്കുന്നവർക്കാണ് കമ്പനി ലോഗിനും പാസ്വേഡും നൽകുന്നത്. പണം നിക്ഷേപിച്ചതിന്റെ തീയതികളടക്കമുള്ള വിവരങ്ങൾ അക്കൗണ്ട് വിനിമയത്തിന്‍റെ വിശദാംശങ്ങൾ എടുത്തതോടെ ക്രൈംബ്രാഞ്ചിന് ലഭിച്ചു.

ഈ തെളിവുകളിൽനിന്നാണ് തട്ടിപ്പിനുപിന്നിൽ ഒരാൾ മാത്രമാണെന്ന് വ്യക്തമായത്. 10 ദിവസത്തോളമായിട്ടും പ്രതിയെ പിടികൂടാനായില്ല എന്നതൊഴിച്ചാൽ കേസിലേക്കുവേണ്ട പ്രധാന തെളിവുകളും രേഖകളുമെല്ലാം പൊലീസിന് ലഭിച്ചു. ഓൺലൈൻ റമ്മി കളിക്കാനും പ്രതി പണം വിനിയോഗിച്ചിട്ടുണ്ട്.

അതിനിടെ, പ്രതി രാജ്യം വിടാതിരിക്കാൻ പൊലീസ് പാസ്പോർട്ട് വിവരങ്ങളടക്കം ശേഖരിച്ച് ലുക്കൗട്ട് സർക്കുലർ തയാറാക്കി വിമാനത്താവളങ്ങൾക്ക് കൈമാറി. പ്രതി അവസാനമായി ജോലിചെയ്ത പി.എൻ.ബി എരഞ്ഞിപ്പാലം ശാഖയിലും അസി. കമീഷണർ ടി.എ. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച പരിശോധന നടത്തി രേഖകൾ ശേഖരിച്ചു. ഇയാളുടെ വീട്ടിൽനിന്ന് കണ്ടെടുത്ത ഐ പാഡ്, പെൻഡ്രൈവുകൾ എന്നിവ പരിശോധിച്ചു.

ആവശ്യമെങ്കിൽ ഇവ വിദഗ്ധ പരിശോധനക്ക് ഫോറൻസിക് വിഭാഗത്തിന് കൈമാറും. പി.എൻ.ബിയിൽനിന്ന് വായ്പയെടുത്താണ് നിലവിലെ വീടിനോട് ചേർന്ന് ഇയാൾ സ്ഥലം വാങ്ങി വീട് നിർമിക്കുന്നതെന്നും കണ്ടെത്തി. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വ്യാഴാഴ്ച വിധി പറയും.

Tags:    
News Summary - PNB fraud: 10 crores went to stock market; Lookout circular for accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.