ഏകസിവിൽകോഡ്: സി.പി.എം സെമിനാറിന് ക്ഷണം ലഭിച്ചു; പോകുന്നതിൽ ചർച്ച ചെയ്ത് തീരുമാനം -പി.എം.എ സലാം

കോഴിക്കോട്: ഏകസിവിൽകോഡിനെതിരായി സി.പി.എം കോഴിക്കോട് നടത്തുന്ന സെമിനാറിന് ഔദ്യോഗികമായി ക്ഷണം ലഭിച്ചുവെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം. യു.ഡി.എഫിൽ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഏകസിവിൽ കോഡിലെ സി.പി.എം നിലപാട് ആത്മാർഥമാകണം. മറ്റ് അജണ്ടകൾ പാടില്ലെന്നും പി.എം.എ സലാം പറഞ്ഞു.

അതേസമയം, സി.എ.എ-എൻ.ആർ.സി പ്രക്ഷോഭകാലത്തിന് സമാനമായി ഏകസിവിൽ​ കോഡ് പ്രതിഷേധത്തിലും പൊലീസ് കേസെടുക്കുമോയെന്ന് ആശങ്കയുണ്ട്. സി.എ.എ സമരകാലത്ത് എടുത്ത കേസുകൾ പിൻവലിക്കുമെന്നാണ് തെരഞ്ഞെടുപ്പുകാലത്ത് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടര വർഷം കഴിഞ്ഞിട്ടും കേസുകൾ പിൻവലിച്ചിട്ടില്ല.

ലീഗിനെ കുടാതെ സമസ്ത നേതൃത്വത്തേയും സി.പി.എം സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസിനെ പരിപാടിയിലേക്ക് ക്ഷണിക്കാൻ സി.പി.എം തയാറായിട്ടില്ല. ഏകസിവിൽ കോഡിൽ കോൺഗ്രസ് നിലപാടിന് വ്യക്തതയില്ലെന്നും അതിനാലാണ് അവരെ ക്ഷണിക്കാതിരുന്നതെന്നുമാണ് ഇതുസംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം.

ഏക സിവിൽ കോഡ് വിഷയത്തിൽ സി.പി.എം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുത്തെന്നു കരുതി ലീഗിന്‍റെയോ യു.ഡി.എഫിന്‍റെയോ അടിത്തറ ദുർബലപ്പെടുമെന്ന് കരുതുന്നില്ലെന്ന് ഇന്നലെ സലാം വ്യക്തമാക്കിയിരുന്നു. വാളയാറിനപ്പുറം കോൺഗ്രസും സി.പി.എമ്മും ലീഗുമെല്ലാം ഒന്നിച്ചാണ്. പൊതുകാര്യങ്ങളിൽ ആത്മാർഥതയോടെ സമീപിക്കുന്നവരുമായി സഹകരിക്കും. മുസ്‍ലിം ലീഗിൽ അച്ചടക്കം പ്രധാനമാണ്. പാർട്ടി നിലപാടിന് വിരുദ്ധമായ കാര്യങ്ങൾ മാധ്യമങ്ങളിലൂടെ പറയുന്നതിന് വിലക്കുണ്ട്. പാർട്ടി നിലപാടിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന പ്രസംഗങ്ങളും പ്രതികരണങ്ങളും സമൂഹ മാധ്യമ ഇടപെടലുകളും പാടില്ലെന്നാണ് സാദിഖലി തങ്ങളുടെ കർശന നിർദേശം. പാർട്ടി അധ്യക്ഷന്‍റെ അനുമതിയില്ലാതെ ലീഗ് നയങ്ങളുമായി യോജിക്കാത്ത അഭിപ്രായം ഭാരവാഹികളടക്കം ആരും പറയാൻ പാടില്ല. ആഭ്യന്തരകാര്യങ്ങൾ പാർട്ടിയിൽ പറയാനുള്ള അവസരമാണ് ഉപയോഗിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Tags:    
News Summary - PMA Salam on CPM seminar invitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.