പള്ളിയുടെ കാര്യമാണ്​ പള്ളികളിൽ പറയുന്നത്​; തീരുമാനം മുസ്​ലിം സംഘടനകളുടേതാണെന്ന്​ പി.എം.എ സലാം

വഖഫ്​ നിയമനം പി.എസ്.സിക്ക്​ വിടുന്നതിനെതിരെ ബോധവത്​കരണം നടത്താനുള്ള തീരുമാനം മുസ്​ലിം സംഘടനകളുടേതാണെന്ന്​ മുസ്​ലിം ലീഗ്​ ജനറൽ സെക്രട്ടറി പി.എം.എ സലാം. ലീഗിൽ ഇതിനെ രാഷ്​ട്രീയമായി ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വഖഫ്​ സ്വത്തുക്കളുടെ ​കൈകാര്യകർതൃത്വം സംബന്ധിച്ചുള്ള വിഷയങ്ങളാണ്​ പള്ളിയിൽ ബോധവത്​കരണം നടത്താൻ മുസ്​ലിം സംഘടനകൾ തീരുമാനിച്ചത്​. പള്ളിയുടെ കാര്യങ്ങൾ മറ്റെവിടെയാണ്​ പറയുക എന്നും അദ്ദേഹം ചോദിച്ചു.

മുസ്​ലിം സംഘടനകളുടെ യോഗത്തിന്‍റെ കൺവീനർ എന്ന നിലക്കാണ്​ താൻ കാര്യങ്ങൾ മാധ്യമങ്ങളോട്​ വിശദീകരിച്ചതെന്നും കൂടെയുണ്ടായിരുന്നത്​ മുഴുവൻ മുസ്​ലിം സംഘടനാ നേതാക്കളാണെന്നും അത്​ ലീഗിന്‍റെ തീരുമാനങ്ങ​ളല്ലെന്നും സലാം പറഞ്ഞു.

ഇപ്പോൾ മുസ്​ലിം ലീഗിനെ വിമർശിക്കുന്നവർ എക്കാലത്തും ലീഗിനെ വിമർശിച്ചവരായിരുന്നുവെന്നും ഒരു കാലത്തും ലീഗ്​ നല്ലത്​ ചെയ്​തുവെന്ന്​ അവരാരും പറഞ്ഞി​ട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആ എതിർപ്പുകൾ ലീഗ്​ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്​ലിം ലീഗ്​ പള്ളികളെ രാഷ്​ട്രീയ പ്രചാരണത്തിന്​ ഉപയോഗിക്കുകയാണെന്ന കെ.ടി ജലീലിന്‍റെ വിമർശനത്തെ സൂചിപ്പിച്ചുകൊണ്ട്​ അദ്ദേഹം പറഞ്ഞു. 

എല്ലാ മത സമൂഹങ്ങളും അവരെ ബാധിക്കുന്ന കാര്യങ്ങളെ കുറിച്ച്​ ചർച്ച ചെയ്യുകയും പറയുകയും ചെയ്യും. മതസമൂഹങ്ങൾക്ക്​ അവരുടെ വിശ്വാസമനുസരിച്ച്​ പ്രവർത്തിക്കാനും പ്രബോധനം ചെയ്യാനുമൊക്കെ സ്വാതന്ത്ര്യമുണ്ട്​. വിശ്വാസികളുടെയും ആഭ്യന്തര കാര്യങ്ങളിൽ സർക്കാർ എന്തിനാണ്​ കൈ കടത്തുന്നതെന്നും സലാം ചോദിച്ചു.

Tags:    
News Summary - pma salam explains his stand on waqf issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.