തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകളുടെ വിതരണത്തിലെ അശാസ്ത്രീയതയും പ്രവേശനത്തിലെ അനീതിയും ഒടുവിൽ സർക്കാർ പഠിക്കുന്നു. ഇതിനായി ഹയർസെക്കൻഡറി മുൻ ഡയറക്ടർ പ്രഫ.വി. കാർത്തികേയൻ നായർ അധ്യക്ഷനായി വിദഗ്ധ സമിതി രൂപവത്കരിച്ച് സർക്കാർ ഉത്തരവിറക്കി.
ഹയർസെക്കൻഡറി സ്കൂളുകളിൽ കുട്ടികളില്ലാത്ത ബാച്ചുകൾ സീറ്റ് ക്ഷാമമുള്ളിടങ്ങളിലേക്ക് മാറ്റുന്നതും പുതിയ ബാച്ചുകളും ഹൈസ്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹയർസെക്കൻഡറി അനുവദിക്കണമോയെന്നതും ഉൾപ്പെടെ വിഷയങ്ങളിൽ അടിയന്തര പഠനം നടത്തി റിപ്പോർട്ട് നൽകാനാണ് സമിതിക്ക് നിർദേശം. 2022-23 വർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായപ്പോൾ 71 സർക്കാർ ഹയർസെക്കൻഡറികളിലെ 92 ബാച്ചുകളും 16 എയ്ഡഡ് സ്കൂളുകളിലെ 19 ബാച്ചുകളും 25ൽ താഴെ വിദ്യാർഥികളുള്ള, മതിയായ കുട്ടികളില്ലാത്ത ബാച്ചുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, സംസ്ഥാനത്ത് പലയിടത്തും ആവശ്യമായ സീറ്റുകൾ ഇല്ലാത്തതിനാൽ വിദ്യാർഥികൾ പ്രവേശനത്തിന് പ്രയാസപ്പെടുന്നെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. പല സ്കൂളുകളിലും എസ്.എസ്.എൽ.സി വിജയിക്കുന്ന കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായല്ല ഹയർസെക്കൻഡറി സീറ്റുകൾ ഉള്ളത്. ഹയർസെക്കൻഡറി കോഴ്സ് ഇല്ലാത്ത ഹൈസ്കൂളുകളും ഉണ്ട്. അടുത്ത വർഷത്തെ പ്ലസ് വൺ ഏകജാലക പ്രവേശന നടപടികൾ ആരംഭിക്കുന്നതിന്റെ മുന്നോടിയായാണ് നടപടി.
പുതിയ ഹയർസെക്കൻഡറി ബാച്ചുകൾ അനുവദിക്കേണ്ടതുണ്ടോയെന്നും പുതുതായി ഹൈസ്കൂളുകൾ അപ്ഗ്രേഡ് ചെയ്യേണ്ടതുണ്ടോയെന്നത് സംബന്ധിച്ചും സമിതി പഠനം നടത്തണം. ഹയർസെക്കൻഡറി മുൻ ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ ചെയർമാനും ഹയർസെക്കൻഡറി അക്കാദമിക് ജോയന്റ് ഡയറക്ടർ ആർ. സുരേഷ്കുമാർ മെംബർ സെക്രട്ടറിയുമായ സമിതിയിൽ എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ്, കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി.എം. അനിൽ, ചെങ്ങന്നൂർ മേഖല ഡെപ്യൂട്ടി ഡയറക്ടർ അശോക് കുമാർ എന്നിവർ അംഗങ്ങളാണ്.
മതിയായ കുട്ടികളില്ലെന്ന് കണ്ടെത്തിയ ബാച്ചുകളിൽ കൂടുതൽ കോട്ടയം ജില്ലയിലാണ്; 22 എണ്ണം. ആലപ്പുഴയിലും എറണാകുളത്തും 15 വീതം ബാച്ചുകളിൽ കുട്ടികളില്ല. പത്തനംതിട്ടയിൽ 13ഉം ഇടുക്കിയിൽ ഒമ്പതും കൊല്ലത്ത് ആറും ബാച്ചുകളിൽ സമാന സ്ഥിതിയാണ്. കുട്ടികൾ കുറവുള്ള ബാച്ചുകൾ നേരത്തേയും കണ്ടെത്തിയിരുന്നെങ്കിലും ഇവ സീറ്റില്ലാത്ത മേഖലയിലേക്ക് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കാറാണ് പതിവ്. പല സ്കൂളുകളിലും ഒരേ വിഷയ കോമ്പിനേഷനിൽ ഒന്നിലധികം ബാച്ചുണ്ടെങ്കിലും ഒരു ബാച്ചിലേക്കുള്ള കുട്ടികളാണ് പ്രവേശനം നേടുന്നത്.
പ്രവേശനം നേടുന്നവരെ ഒന്നിലധികം ബാച്ചുകളിലാക്കി ബാച്ച് നിലനിർത്താനാണ് സ്കൂൾ അധികൃതർ ശ്രമം നടത്താറുള്ളത്. ഈ വർഷം പ്ലസ് വൺ റെഗുലർ പഠനത്തിന് റൊക്കോഡ് പ്രവേശനം നടന്നെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ അവകാശവാദം. എന്നിട്ടും സീറ്റില്ലാതെ ഓപൺ സ്കൂൾ (സ്കോൾ കേരള) പ്രവേശനം നേടിയവരുടെ എണ്ണം വർധിച്ചതും ഇതിൽ 80.65 ശതമാനം മലബാറിലും 41.28 ശതമാനം മലപ്പുറം ജില്ലയിൽനിന്നുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.