തിരുവനന്തപുരം: പട്ടാപ്പകൽ സ്വകാര്യ ധനകാര്യ സ്ഥാപന മാനേജറെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികളെ കണ്ടെത്താനായില്ല. തിരുവനന്തപുരം പൂവച്ചൽ ജങ്ഷനിലെ മുത്തൂറ്റ് ബാങ്ക് ശാഖ മാനേജറും പൂവച്ചൽ കണ്ടല സ്വദേശിയുമായ ഗിരീഷിനെയാണ് ആയുധധാരികളായ ഏഴംഗസംഘം തട്ടിക്കൊണ്ടുപോയത്. ഏറെ വൈകാതെ സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിക്കുകയും ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവങ്ങളുടെ തുടക്കം. ഗിരീഷ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഓഫിസിൽനിന്ന് പുറത്തിറങ്ങിയ സമയത്താണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
കേടായ ബൈക്ക് ഓഫിസിലെ സഹപ്രവർത്തകന്റെ സഹായത്തോടെ ശരിയാക്കി ബൈക്ക് സ്റ്റാർട്ട് ചെയ്ത് കയറാൻ തുടങ്ങിയപ്പോഴാണ് പ്രതികൾ എത്തിയത്. ഈ സമയം അമിതവേഗതയിൽ പാഞ്ഞെത്തിയ കാർ ബൈക്കിന് മുന്നിൽ നിർത്തി വഴി തടസ്സപ്പെടുത്തി. തുടർന്ന് കാറിൽനിന്ന് മാരകായുധങ്ങളുമായി ഇറങ്ങിയ അഞ്ചുപേരും, തൊട്ടുപിന്നാലെ മറ്റ് രണ്ട് ബൈക്കുകളിലായി എത്തിയ രണ്ടുപേരും ചേർന്ന് ഗിരീഷിനെ വളയുകയും സഹപ്രവർത്തകനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
നാട്ടുകാർ നോക്കിനിൽക്കെ ഗിരീഷിനെ അക്രമിസംഘം ബലമായി കാറിനുള്ളിലേക്ക് തള്ളിക്കയറ്റി. അതിവേഗം കാട്ടാക്കട ഭാഗത്തേക്ക് പോയ കാറിനുപിന്നാലെ അക്രമികൾ വന്ന ബൈക്കുകളും പാഞ്ഞു. മണിക്കൂറുകൾക്കകം അതേസ്ഥലത്ത് തന്നെ ഗിരീഷിനെ കാറിൽ കൊണ്ടുവന്നു വിട്ടു.
പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി പൊലീസ് വലവിരിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയിക്കുന്നു.
കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ ഗിരീഷിന്റെ മൊഴി രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പ്രതികളെയും കണ്ടെത്താനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.