നഈം ഗഫൂർ

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: ശാശ്വത പരിഹാരം വേണം, വിദ്യാഭ്യാസ മന്ത്രിയുടേത് ഇരട്ടത്താപ്പ് - ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്‍റ് നഈം ഗഫൂർ

കോഴിക്കോട്: മലബാറിലെ സീറ്റ് ക്ഷാമം പരിഹരിച്ചുകൊണ്ടുള്ള നടപടിക്രമം ആരംഭിച്ചുവെന്ന വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്‍റെ അവകാശവാദം യാഥാർഥ‍്യത്തിന് നിരക്കാത്തതാണെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്‍റ് നഈം ഗഫൂർ. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിപരിഹരിക്കാതെയാണ് പ്രവേശന നടപടികൾ ആരംഭിച്ചിരിക്കുന്നതെന്നും നഈം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ കൂട്ടിചേർത്തു. പുതിയ സർക്കാർ ഇടത് ഭരണകൂടം തുടർന്ന അതേ താൽക്കാലിക പരിഹാരത്തെ ആശ്രയിക്കാതെ ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണാനാണ് ശ്രമിക്കേണ്ടത്.

മലബാറിലെ ജില്ലകൾക്ക് പുതിയ ബാച്ചുകൾ അനുവദിക്കാനും കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനുമുള്ള രാഷ്‌ട്രീയ ഇച്ഛാശക്തി വിദ്യാഭ്യാസ മന്ത്രിയും സർക്കാറും കാണിക്കണം. നിലവിലെ താൽക്കാലിക ബാച്ചും അധിക സീറ്റുകളും മാത്രം പ്രഖ്യാപിച്ച് സീറ്റ് പ്രതിസന്ധി പരിഹരിച്ചതായി വാദിച്ച് വിദ്യാർഥികളെ വഞ്ചിക്കരുതെന്നും നഈം അറിയിച്ചു . പുതിയ ബാച്ചുകൾ അടക്കമുള്ള ശാശ്വത പരിഹാരത്തിനുള്ള കൃത്യമായ നയരേഖ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിക്കണം. അല്ലാത്ത പക്ഷം വിദ്യാർഥി അവകാശ സമരത്തിലൂടെ അത് നേടിയെടുക്കാൻ ഫ്രറ്റേണിറ്റി നേതൃത്വം നൽകുമെന്നും ഫേസ്ബുക്കിൽ നഈം ഗഫൂർ കൂട്ടിച്ചേർത്തു.

ഈ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം 3,61,044 ആയിരുന്നു. എന്നാൽ എസ്.എസ്.എൽ.സി പാസായവർ 4,10,456 പേരാണ്. ഇതിൽ സീറ്റില്ലാതെ പുറത്താകാൻ സാധ്യയതയുള്ളവർ അധികവും മലബാർ ജില്ലകളിലാണ്. ഈ സീറ്റ് ക്ഷാമം പരിഹരിക്കാനാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 30 ശതമാനം ആനുപാതിക വർധനവ് കൊണ്ടുവരാനും കഴിഞ്ഞ സർക്കാർ ആരംഭിച്ച താൽക്കാലിക ബാച്ചുകൾ തുടരാനും വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. ഇത് പ്രകാരം പ്ലസ് വൺ സീറ്റുകൾ 4,39,184 ആയി വർധിക്കുകയും ഇതുവരെ അനുവദിച്ച 314 താൽക്കാലിക ബാച്ചുകളിൽ 313 എണ്ണം തുടരുകയും ചെയ്യും. ഇത് മലബാറിലെ സീറ്റ് പ്രതിസന്ധി പരിഹരിച്ചെന്ന മട്ടിൽ കൊട്ടിഘോഷിക്കപ്പെടുന്നതിൽ വലിയ അപകടമുണ്ട്.

കഴിഞ്ഞ അധ്യയന വർഷങ്ങളിൽ വിദ്യാർഥി സമരങ്ങളെ തുടർന്ന് ഇടത് ഭരണകൂടം അവസാനം കൊണ്ടുവന്ന താൽക്കാലിക പരിഹാരമാണ് ഈ സീറ്റ് വർധനവും താൽക്കാലിക ബാച്ചുകളും. അന്ന് മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് ഇത് പര്യാപ്‌തമല്ല എന്ന് പറഞ്ഞവർ അതേ നടപടി തന്നെ കൈക്കൊണ്ട് പ്ലസ് വൺ സീറ്റ് പ്രശ്‌നം പരിഹരിച്ചുവെന്ന് പറയുന്നത് ഇരട്ടത്താപ്പാണെന്ന് നഈം ആരോപിച്ചു. 

Tags:    
News Summary - Plus One Seat Crisis in Malabar: Permanent Solution Needed; Education Minister's Stance is Duplicitous, says Fraternity State President Naeem Gafoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.