ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന 70കാരനായ കുട്ടനാട് സ്വദേശിയിൽ പ്ലാസ്മ ചികിത്സ വിജയം. പ്ലാസ്മ തെറപ്പിയിൽ രണ്ട് ഡോസ് കഴിഞ്ഞപ്പോൾ കോവിഡ് പരിശോധനഫലം നെഗറ്റിവ് ആയെന്ന് മെഡിക്കൽ കോളജ് പുറപ്പെടുവിച്ച മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.
ശ്വാസകോശത്തിൽ അർബുദത്തിനുപുറമെ അമിത രക്തസമ്മർദം, ഹൃദ്രോഗം എന്നിവയും ന്യുമോണിയ, എ.ആർ.ഡി.എസ് എന്നിങ്ങനെ മൂർച്ഛിച്ച രോഗാവസ്ഥയും ഉണ്ടായിരുന്നു. ഇയാളുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ട്. അർബുദവ്യാപനം കൂടിയനിലയിൽ പാലിയേറ്റിവ് ചികിത്സയിൽ ആയിരിക്കുമ്പോഴാണ് കോവിഡ് ബാധിച്ചത്. ഒരുമാസമായി മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിെൻറ ഭാര്യയും കോവിഡ് മുക്തയായിട്ടുണ്ട്. പരിശോധനഫലം ലഭിച്ചതിനെത്തുടർന്ന് രണ്ടുപേരും കോവിഡ് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടു.
രോഗം ഭേദമായ കോവിഡ് രോഗികളിൽനിന്ന് അവരുടെ രക്തത്തിൽ രോഗത്തിന് എതിരെയുള്ള ആൻറിബോഡി അടങ്ങുന്ന പ്ലാസ്മ നിലവിൽ അതിതീവ്ര അവസ്ഥയിൽ തുടരുന്ന രോഗികൾക്ക് നൽകിക്കൊണ്ട് അവരെ രോഗമുക്തിയിലേക്ക് നയിക്കുന്ന ചികിത്സരീതിയാണ് പ്ലാസ്മ തെറപ്പി.
ആലപ്പുഴ ഗവ.ടി.ഡി മെഡിക്കൽ കോളജിൽ ചികിത്സയിൽ ഉണ്ടായിരുന്ന വ്യക്തിയുടെ രക്തഗ്രൂപ്പിന് അനുയോജ്യമായ പ്ലാസ്മ കഴിഞ്ഞദിവസം മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് എത്തിക്കുകയായിരുന്നു.
അതിസങ്കീർണ രോഗാവസ്ഥ നേരിട്ടിരുന്ന വയോധികരോഗിയെ രോഗമുക്തനാക്കിയത് മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവർത്തനമികവിെൻറ വിജയംകൂടിയാണ്.
മെഡിക്കൽ കോളജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടും കാർഡിയോളജിസ്റ്റുമായ ഡോ. അബ്ദുൽ സലാമിെൻറ നേതൃത്വത്തിലാണ് പ്ലാസ്മ ലഭിക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയത്.
ആംബുലൻസ് ഡ്രൈവർ മാത്യുവും ഗ്രേഡ് വൺ ഉദ്യോഗസ്ഥൻ രാജേഷും തുടർച്ചയായി 14 മണിക്കൂർ സഞ്ചരിച്ച് പ്ലാസ്മയുമായി തിരിച്ചെത്തിയശേഷമാണ് രോഗിക്ക് ചികിത്സ തുടങ്ങിയത്.
ഈ സമയം കൊടുക്കേണ്ട മറ്റുമരുന്നുകളും ഐ.സി.യു ചികിത്സയും തുടർന്നു. പ്രിൻസിപ്പൽ ഡോ. വിജയലക്ഷ്മിയും സൂപ്രണ്ട് ഡോ. രാംലാലും മാത്യുവിനെയും രാജേഷിനെയും പ്രത്യേകം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.