??????????? ??????? ??????????? ????????? ??.??.? ??. ??. ????? ??????????? ???? ???????????????

കോവിഡ് ചികിത്സ: മാനന്തവാടി ജില്ല ആശുപത്രിയില്‍ പ്ലാസ്മ ബാങ്ക് തുടങ്ങി

മാനന്തവാടി: കോവിഡ് ചികിത്സ രംഗത്ത് ഏറെ പ്രയോജനകരമായ, രോഗമുക്തരുടെ പ്ലാസ്മ ശേഖരിച്ച് കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന പ്ലാസ്മ ബാങ്ക് മാനന്തവാടി ജില്ല ആശുപത്രി ബ്ലഡ് ബാങ്കില്‍ തുടക്കമായി. ജില്ലയില്‍നിന്ന് ആദ്യമായി കോവിഡ് രോഗമുക്തനായ വ്യക്തി അടക്കം ഏഴുപേര്‍ ആദ്യ ദിവസംതന്നെ രക്തം ദാനം ചെയ്യാനെത്തി. ഇവരെ പൂച്ചെണ്ട് നല്‍കി ആരോഗ്യ വകുപ്പ് അധികൃതര്‍ സ്വീകരിച്ചു.

ഏപ്രില്‍ എട്ടിന് ഡിസ്ചാര്‍ജ് ചെയ്ത തൊണ്ടര്‍നാട് സ്വദേശി ആലിക്കുട്ടി (51), കമ്പളക്കാട് സ്വദേശി റസാക്ക് (56), ഏപ്രില്‍ 25ന് രോഗമുക്തി നേടിയ മൂപ്പൈനാട് സ്വദേശി അന്‍ഷാദ് (29), പള്ളിക്കുന്ന് സ്വദേശികളായ ഷാജു (52), ലീലാമ്മ (49), സനില്‍ (27), മേയ് 21ന് രോഗമുക്തനായ മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെ പൊലീസ് ഓഫിസര്‍ മെര്‍വിന്‍ (44) എന്നിവരാണ് സ്വയം സന്നദ്ധരായി കോവിഡ് രോഗ പ്രതിരോധത്തി​​െൻറ മുന്നണിപ്പോരാളികളാകാന്‍ എത്തിയത്.

കോവിഡില്‍നിന്ന് പരിപൂര്‍ണമായി മുക്തി നേടിയവരുടെ രക്തത്തിൽ രോഗത്തിനെതിരായ ആൻറി ബോഡി ഘടകങ്ങള്‍ ഉണ്ടാകും. പ്ലാസ്മയിലാണ് ഉണ്ടാകുക.
രോഗമുക്തനായ ആളുടെ രക്തത്തെ പ്ലാസ്മ ഫെറസിസ് മെഷീനിലൂടെ കടത്തിവിട്ട് രക്ത കോശങ്ങളെ പ്ലാസ്മയില്‍ നിന്ന് വേര്‍തിരിക്കും. ഇവ ശീതീകരിച്ചു സൂക്ഷിക്കാം. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന പ്ലാസ്മ ഉപയോഗിച്ചുള്ള ചികിത്സയാണ് കോണ്‍വാലസൻറ് പ്ലാസ്മ തെറപ്പി.

രോഗമുക്തരായ വ്യക്തികളില്‍നിന്ന് മാത്രമേ ആൻറി ബോഡി ലഭ്യമാവുക. കോവിഡ് പൂര്‍ണമായി ഭേദമായവരില്‍നിന്ന് 28 ദിവസത്തിനും നാലു മാസത്തിനും ഇടയിലാണ് രക്തം ശേഖരിക്കുന്നത്. ഇവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിക്കുന്ന പ്ലാസ്മ നിലവില്‍ കോവിഡ് പോസിറ്റിവ് ആയവര്‍ക്ക് നല്‍കും. 
കേരളത്തിലെ ഒരു ജില്ല ആശുപത്രിയില്‍ ആദ്യമായാണ് ഈ സംവിധാനം ഒരുക്കുന്നത്.

ഇതിനു മുമ്പ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്ലാസ്മ ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.

പ്ലാസ്മ ശേഖരിക്കാനായി ജില്ല ആശുപത്രിയില്‍ നടത്തിയ രക്തദാന ക്യാമ്പ് ജില്ല മെഡിക്കല്‍ ഓഫിസര്‍ ആര്‍. രേണുക ഉദ്ഘാടനം ചെയ്തു. ജില്ല കോവിഡ് നോഡല്‍ ഓഫിസര്‍ ഡോ. പി. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. നൂന മര്‍ജ, ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിനിജ ജോയി, ആര്‍.എം.ഒ ഡോ. സി. സക്കീര്‍, ഇ.എന്‍.ടി സ്‌പെഷലിസ്​റ്റ് ഡോ. കെ.വി. രാജന്‍, ജില്ല മാസ്​ മീഡിയ ഓഫിസര്‍ കെ. ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - plasma bank in mananthavady hospital -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.