മണ്ണാർക്കാട്: മണ്ണാർക്കാട് നഗരസഭയുടെ രാജീവ് ഗാന്ധി സ്മാരക സർക്കാർ ആയുർവേദ ഡിസ്പെൻസറി ഉദ്ഘാടനച്ചടങ്ങിൽ മുൻ എം.എൽ.എ പി.കെ. ശശിയുടെ സാന്നിധ്യം ചർച്ചയാകുന്നു. സി.പി.എം അച്ചടക്കനടപടിയെടുത്ത ശശിയെ കെ.ടി.ഡി.സി ചെയർമാനെന്ന നിലയിലാണ് ചടങ്ങിൽ എം.പി, എം.എൽ.എ എന്നിവർക്കൊപ്പം മുഖ്യാതിഥിയായി യു.ഡി.എഫ് ഭരിക്കുന്ന നഗരസഭ പങ്കെടുപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് ചടങ്ങ്.
സി.പി.എം പൊതുപരിപാടികളിൽനിന്നും സി.പി.എം സ്വാധീനമുള്ള സ്ഥാപനങ്ങളുടെ പരിപാടികളിൽനിന്നുമെല്ലാം ശശിയെ പാർട്ടി അകറ്റി നിർത്തുമ്പോഴാണ് നഗരസഭ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നത് എന്നത് കൗതുകകരമാണ്. ഇതിനെതിരെ നഗരസഭയിലെ ഇടതു പ്രതിനിധികൾ രംഗത്തുവരുകയും ചെയ്തു. പദ്ധതിക്കെതിരെയും സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങളുമായി ഇടത് അനുകൂലികൾ രംഗത്തുവന്നിട്ടുണ്ട്. ചെയർമാനും യു.ഡി.എഫ് ഭരണസമിതിയും ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനമെടുത്തു എന്നാണ് ഇടത് അംഗങ്ങൾ ആരോപിക്കുന്നത്. എന്നാൽ, ശശിയെ ചടങ്ങിലേക്ക് ക്ഷണിച്ചത് കെ.ടി.ഡി.സി ചെയർമാൻ എന്ന നിലയിലാണെന്നും ഇക്കാര്യത്തിൽ ഒരു വിവാദവും നിലവിൽ ഇല്ലെന്നും നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ പറഞ്ഞു.
ആദ്യഘട്ടത്തിൽ ഇതിനെതിരെ രംഗത്തുവന്ന പ്രാദേശിക സി.പി.എം നേതൃത്വം ചടങ്ങ് ബഹിഷ്കരിക്കുന്ന കാര്യം ആലോചിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റാൻ നിർബന്ധിതരായിരിക്കുകയാണ്. പാർട്ടി അംഗത്വമുള്ള ശശി കെ.ടി.ഡി.സി ചെയർമാനെന്ന നിലയിൽ പങ്കെടുക്കുന്നതിന് പ്രശ്‌നമില്ലെന്നും സി.പി.എം കൗൺസിലർമാർ പരിപാടിയിൽ പങ്കെടുക്കുമെന്നും ലോക്കൽ കമ്മിറ്റി നേതാക്കൾ പറഞ്ഞു. നഗരസഭയിലെ വികസനപ്രവർത്തനങ്ങളിലെ അഴിമതിയാണ് പ്രശ്നമെന്നും ഇവർ ആരോപിക്കുന്നു.
എന്നാൽ, ശശിക്ക് മണ്ണാർക്കാട് പൊതുവേദി ഒരുക്കിക്കൊടുക്കുന്നതിലൂടെ വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലുൾപ്പെടെ ഇടത് ക്യാമ്പിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ മുസ്‍ലിം ലീഗിനും യു.ഡി.എഫിനും ഇതുവഴി കഴിഞ്ഞു. ശശിയുടെ സാന്നിധ്യം അറിഞ്ഞ ഉടൻ നടത്തിയ പ്രതികരണങ്ങൾ തിരിച്ചെടുക്കേണ്ടിവന്നതോടെ സി.പി.എം പ്രാദേശിക നേതൃത്വം പ്രതിരോധത്തിലാവുകയും ചെയ്ത സ്ഥിതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.