‘ഒട്ടിയ വയറുകൾക്ക് പരിഹാരമുണ്ടാക്കാൻ ഞങ്ങൾക്കേ കഴിയൂ; ഇവർ ബസ് വിട്ടു നടക്കുന്നത് വെറുതെ’; നവകേരള സദസ്സി​നെ വിമർശിച്ച് കുഞ്ഞാലിക്കുട്ടി

മലപ്പുറം: നവകേരള സദസ്സി​നെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഒട്ടിയ വയറുകൾക്ക് പരിഹാരമുണ്ടാക്കാൻ ഞങ്ങൾക്കേ കഴിയൂ, ഇവർ ബസ് വിട്ടു നടക്കുന്നത് വെറുതെയാണ്. എന്തിനാ ആ കസേരയിലരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. വിമർശനത്തിന് രൂക്ഷത പോരെന്ന മാധ്യമപ്രവർത്തകരുടെ അഭിപ്രായത്തിന് മറുപടി പറയുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

ശമ്പളം കിട്ടാത്ത ഡ്രൈവർമാർ ഓടിക്കുന്ന കെ.എസ്.ആർ.ടി.സി ബസ് വരുന്നത് കാണുമ്പോൾ പേടിയാണ്. ഗുരുതരമായ പ്രശ്നമാണത്. ഇത്തരം വിഷയങ്ങളിൽ ഞങ്ങൾ ജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കാൻ പോവുകയാണ്. ഞങ്ങൾ സർക്കാറിനെതിരെ തീവ്രമായ കാമ്പയിനുമായി ഇറങ്ങുകയാണ്. ഈ സർക്കാറിനെ കുറിച്ച് ജനങ്ങൾക്ക് തീരെ അഭിപ്രായമില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമുണ്ടെന്ന് ഞങ്ങൾ ജനങ്ങളോട് പറയും.

വിമർശനത്തിന് ഞങ്ങൾക്ക് ചില ശൈലിയുണ്ട്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ എനിക്ക് നേരെ എത്ര കടുത്ത വിമർശനമായിരുന്നു നടത്തിയത്. ആ ശൈലിയല്ല മുസ് ലിം ലീഗിന്റേത്. ലീഗ് സ്വന്തം ശൈലി തുടരും. പക്ഷെ പ്രതികരണം രൂക്ഷമാവുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

സി.പി.എമ്മിന്റെ രാഷ്ട്രീയ സൂത്രമാണ് ലീഗ് മുന്നണിയിൽ നിന്ന് പോരുമെന്ന് പറയുന്നത്. അതിന് ഞങ്ങൾ കുറ്റക്കാരല്ല. ലീഗിന്റെ ചരി​ത്രം അറിയാത്തതു കൊണ്ടാണ് ഇ. പി. ജയരാജൻ ലീഗിലെ ഒരു വിഭാഗം മുന്നണി മാറുമെന്ന് പറയുന്നത്. പാണക്കാട് സാദിഖലി തങ്ങൾ പറയുന്നതാണ് ലീഗിന്റെ അവസാന വാക്ക്. ‘തക്ക സമയത്ത് തങ്ങൾ യുക്തമായ തീരുമാനം പറയു’മെന്നത് പണ്ടേയുള്ള ശൈലിയാണ്. അതിന്നലെ വയനാട്ടിൽ വെച്ച് മിതമായ ഭാഷയിൽ തങ്ങൾ പറഞ്ഞു കഴിഞ്ഞു.

മാധ്യമപ്രവർത്തകർ വരികൾക്കിടയിൽ വായിക്കുകയാണ്. ഓരോ വിഷയത്തിലും ലീഗിന് ലീഗിന്റെതായ അഭിപ്രായമുണ്ടാവും. കോൺഗ്രസിന് അവരുടെ അഭിപ്രായവുമുണ്ടാവും. അതിനർഥം മുന്നണിയിൽ അഭിപ്രായ വ്യത്യാസം എന്നല്ല. കേരള ബാങ്ക് ഡയറക്ടർ പദവി സ്വീകരിക്കാൻ യു.ഡി.എഫ് തീരുമാനിച്ചതാണ്. അതിലിനി അഭിപ്രായം പറയാനില്ലെന്നും എല്ലാം വ്യക്തമാക്കിയതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    
News Summary - PK Kunhalikutty react to KSRTC Employees Issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.