റിയാസ് മൗലവി വധക്കേസ് സര്‍ക്കാര്‍ ലാഘവത്തോടെ കൈകാര്യം ചെയ്തു -കുഞ്ഞാലിക്കുട്ടി

മലപ്പുറം: റിയാസ് മൗലവി വധക്കേസ് സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും പ്രോസിക്യൂഷനും പ്രതികളും തമ്മില്‍ ഒത്തുകളിയുണ്ടായെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാകുന്നതെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോടതിയുടെ വിധിപ്രസ്താവം എല്ലാവരെയും ഞെട്ടിച്ചു. വര്‍ഗീയ അന്തരീക്ഷമുണ്ടാക്കാന്‍ വേണ്ടി കരുതിക്കൂട്ടി ചെയ്ത ക്രൂരമായ കൊലപാതകമാണെന്ന് ബോധ്യ​പ്പെട്ടതാണ്. സംശയലേശ്യമന്യെ തെളിഞ്ഞ കേസിലാണ് കോടതി ഇത്തരത്തിലൊരു വിധി പറഞ്ഞിരിക്കുന്നത്. വടക്കേ ഇന്ത്യയില്‍ പോലും കണ്ടിട്ടില്ലാത്തത് പോലെയുള്ള വിധിയാണ് ഉണ്ടായിരിക്കുന്നത്. വിചാരണ നടന്നാല്‍ ശിക്ഷയുണ്ടാകുമെന്ന് ഉറപ്പായ കേസില്‍ പ്രതികളെ ചെറിയ ശിക്ഷ പോലുമില്ലാതെ വെറുതെ വിട്ടിരിക്കുന്നു

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. പിന്നീട് നടന്ന അന്വേഷണങ്ങളിലെല്ലാം പ്രതികളുടെ പങ്ക് വ്യക്തമായി തെളിഞ്ഞതാണ്. തെളിവുകള്‍ ശക്തമായത് കൊണ്ട് പ്രതികള്‍ക്ക് ജയിലില്‍ തന്നെ കിടക്കേണ്ടിയും വന്നു. പ്രൊസിക്യൂഷനില്‍ ഗൗരവമായ തകരാര്‍ നടന്നു. പ്രതികളുമായി ഒത്തുകളിച്ചുവെന്ന് ആരോപണമുണ്ടെന്നും വിധി പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ കോടതി വിധിക്ക് പിന്നിലെ കാരണങ്ങള്‍ ബോധ്യമാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - pk kunhalikutty comment about Riyas Moulavi Murder Case verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.