കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശയാത്രകളിൽ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാരൻ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് ഹൈകോടതി. തമിഴ്നാട് കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി ഡി. ഫ്രാന്‍സിസിനോടാണ് ആഗസ്റ്റ് ആറിന് നേരിട്ടെത്താൻ ജസ്റ്റിസ് പി. ഉബൈദ് ഉത്തരവിട്ടത്. കേസുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമ പ്രകാരം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടായ സാഹചര്യത്തിലാണ് കൂടുതൽ വ്യക്തതക്കായി ഹരജിക്കാരൻ നേരിട്ട് എത്തണമെന്ന് കോടതി നിർദേശിച്ചത്. അതേസമയം, അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാൻ മതിയായ വിഷയമല്ല ഇതെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് കോടതിയിൽ വിശദീകരണം നൽകി.
2016 ഡിസംബറിൽ യു.എ.ഇയിലേക്കും 2018 ജൂലൈയിൽ അമേരിക്കയിലേക്കും മുഖ്യമന്ത്രി നടത്തിയ യാത്രകളുടെ ചെലവ് സംബന്ധിച്ചാണ് ഹരജിക്കാരൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് നല്‍കാന്‍ വേണ്ട രേഖകള്‍ വിവരാവകാശ നിയമപ്രകാരം സംഘടിപ്പിച്ചത് ഹരജിക്കാരെൻറ അഭിഭാഷകനാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. ഫ്രാന്സിസിെൻറ അനുമതി പത്രത്തിെൻറ അടിസ്ഥാനത്തിലാണ് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നല്‍കിയതെന്ന് അഭിഭാഷകന്‍ അറിയിച്ചു.
വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ അനുമതി പത്രത്തിെൻറ അസ്സലാണ് അഭിഭാഷകന്‍ ഹാജരാക്കിയത്. വിവരാവകാശ നിയമപ്രകാരം അപേക്ഷ സ്വീകരിച്ച ഓഫിസിലല്ലേ അസ്സല്‍ അനുമതി പത്രം ഉണ്ടാവേണ്ടതെന്ന സംശയം കോടതി ഉന്നയിച്ചു. തുടർന്നാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി ഹരജിക്കാരനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.