തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി വി. മുരളീധരെൻറ നിലപാടിനെ രൂക്ഷമായി വിമർശിച്ച് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ. മുമ്പ് പറഞ്ഞ വാക്കുകൾ വിഴുങ്ങുകയാണ് മുരളീധരൻ ചെയ്യുന്നതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് ബാധിച്ചവരെ ഇങ്ങോട്ട് പ്രവേശിപ്പിക്കില്ലെന്ന് സംസ്ഥാനം ഒരിടത്തും പറഞ്ഞിട്ടില്ല. വരുന്നവർ പരിശോധന നടത്തണമെന്ന് മാത്രമാണ് പറഞ്ഞത്. ഇത് പ്രവാസികൾക്കെതിരാണെന്ന പ്രചാരണമാണ് നടക്കുന്നത്. ദൗർഭാഗ്യവശാൽ ആ പ്രചാരകരുടെകൂടെ ഒരു കേന്ദ്ര സഹമന്ത്രിയുമുണ്ട്. ഇയാൾ മാർച്ച് 11ന് പറഞ്ഞത് ഒാർക്കുന്നത് നല്ലതാകും. രോഗമുള്ളവരും ഇല്ലാത്തവരും ഒരേ വിമാനത്തിൽ വന്നാൽ രോഗം പകരാം. അതാത് രാജ്യങ്ങളിൽ പരിശോധന നടത്തി രോഗമില്ലാത്തവരെ കൊണ്ടുവരുകയും മറ്റുള്ളവരെ അവിടങ്ങളിൽതന്നെ ചികിത്സിക്കുകയുമാണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിെൻറ അന്നത്തെ നിലപാട്. എന്നാൽ, ഇന്ന് അതുമാറി.
രോഗമുള്ളവരെയും നാട്ടിലേക്കെത്തിക്കാൻ തടസ്സമില്ലെന്ന നിലപാടിലാണ് കേരളം. എന്നാൽ, രോഗമുള്ളവർ മാത്രമായി വരണം. രോഗം വന്നവരെ അവരുടെ ആരോഗ്യസ്ഥിതി സമ്മതിച്ചാൽ പ്രത്യേകമായി കൊണ്ടുവന്നാൽ രണ്ട് കൈയും നീട്ടി സ്വീകരിച്ച് ആവശ്യമായ ചികിത്സ നൽകാൻ കേരളം തയാറാണ്.
രോഗമുള്ളവർ അവിടങ്ങളിൽ കഴിയെട്ടയെന്ന നിലപാട് ഒരിക്കലും സ്വീകരിച്ചിട്ടില്ല. പരിശോധനയില്ലാതെ വരുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന് സംസ്ഥാനം ആശങ്കപ്പെട്ടപ്പോൾ കേന്ദ്ര സഹമന്ത്രിയുടെ പ്രതികരണവും എല്ലാവരും കേട്ടതാണ്. അവിടെ ടെസ്റ്റ് നടത്തിയാണ് കൊണ്ടുവരുന്നതെന്നും വിമാനത്തിൽ കയറുന്നതിന് മുമ്പ് ടെസ്റ്റ് നടത്തുമെന്നുമായിരുന്നു കേന്ദ്രമന്ത്രി അന്ന് പ്രതികരിച്ചത്. ഇത് പറഞ്ഞയാളാണ് കേരളം ടെസ്റ്റിനായി പറയുന്നത് മഹാപാതകമെന്ന് ഇപ്പോൾ പറഞ്ഞുനടക്കുന്നത് -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.