പിണറായി ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയെന്ന് ഫാ. തിയോഡിഷ്യസ് ഡിക്രൂസ്
തിരുവനന്തപുരം: വിഴിഞ്ഞം സംഘർഷത്തിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് അടക്കമുള്ളവർക്കെതിരെ വധശ്രമക്കേസ് എടുത്തതിനെ വിമർശിച്ച് സമരസമിതി കൺവീനർ ഫാ. തിയോഡിഷ്യസ് ഡിക്രൂസ്. ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തിൽ ഇപ്പോഴുള്ളതെന്ന് ഫാ. തിയോഡിഷ്യസ് കുറ്റപ്പെടുത്തി.
സർക്കാർ ഒത്താശയോടെയാണ് വിഴിഞ്ഞത്തെ സംഘർഷം നടക്കുന്നതെന്നും സർക്കാറിന്‍റേത് വികൃതമായ നടപടികളാണെന്നും ഫാ. തിയോഡിഷ്യസ് ഡിക്രൂസ് ചൂണ്ടിക്കാട്ടി.
സമരക്കാരെ അടിച്ചൊതുക്കാനാണ് ശ്രമിക്കുന്നതെന്ന് സമര സമിതി ജനറൽ കൺവീനർ യൂജിൻ പെരേരയും പ്രതികരിച്ചു. പ്രദേശവാസികളുമായി സംഘർഷമില്ല. അദാനിയുടെ ഗൂണ്ടകളാണ് ആക്രമണം നടത്തിയത്. വൈദികരെ പൊലീസ് ആക്രമിച്ചെന്നും തുടർച്ചയായ പ്രകോപനത്തിന്‍റെ അവസാനത്തിലാണ് പ്രതിരോധിച്ചതെന്നും യൂജിൻ പെരേര പറഞ്ഞു.
വിഴിഞ്ഞം സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാറിനെ വെല്ലുവിളിക്കുന്നു. സി.പി.എം ജില്ലാ സെക്രട്ടറി -ബി.ജെ.പി അധ്യക്ഷൻ കൂട്ടുക്കെട്ട് ദുരൂഹമാണെന്നും യൂജിൻ പെരേര ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.