തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനത്തിന് തടയിടാൻ യു.ഡി.എഫും ബി.ജെ.പിയും ഒറ്റ മനസ്സോടെ ഇറങ്ങിയപ്പോൾ നിങ്ങൾ ഒറ്റക്കല്ല ഞാനുമുണ്ട് എന്നുപറഞ്ഞ് 'ബഹു... മാന്യ' നും ചേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏത് ബഹു...മാന്യൻ ചേർന്നാലും കേരളത്തിലെ ജനം ഇതെല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. അതനുസരിച്ചുള്ള നിലപാട് അവർ സ്വീകരിക്കുമെന്ന് ഇത്തരക്കാർ മനസ്സിലാക്കണം. ഈ ബഹുമാന്യൻ ഉടൻ രാഷ്ട്രീയത്തിൽ ഇറങ്ങാൻ പോകുന്നുവെന്നാണ് കേൾക്കുന്നത്. താൻ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുകയാണെന്നാണ് പറഞ്ഞത്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ നമ്മുടെ എതിരാളിയായി അദ്ദേഹം ഉണ്ടാകുമെന്ന് കരുതാം. അതിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയെയും മുഖ്യമന്ത്രി വിമർശിച്ചു. യാത്ര കൂടുതൽ ദിവസം പര്യടനം നടത്തുന്നത് കേരളത്തിലാണ്. ഏറ്റവും വലിയ സംസ്ഥാനമായ ബി.ജെ.പി ഭരിക്കുന്ന യു.പിയിൽ രണ്ട് ദിവസം മാത്രമാണ് യാത്ര. വിമർശനമായപ്പോൾ അത് രണ്ടുദിവസം കൂടി നീട്ടി.
ജാഥ നടത്തുന്നത് കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിനെതിരെയാണെന്നത് ഇതിൽനിന്ന് വ്യക്തമാണ്.
വർഗീയതയോട് വിട്ടുവീഴ്ചയുള്ള സമീപനം സ്വീകരിച്ചതാണ് കോൺഗ്രസിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണം. അതിന്റെ ഗുണം ലഭിച്ചത് ബി.ജെ.പിക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ, എൻ.ജി.ഒ യൂനിയൻ ജനറൽ സെക്രട്ടറി എം.എ. അജിത്കുമാർ,കെ.എസ്.ടി.എ ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ, കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ. എസ്.ആർ. മോഹനചന്ദ്രൻ, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോ. ജനറൽ സെക്രട്ടറി കെ.എൻ. അശോക് കുമാർ, കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി. സുരേഷ്തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.