മുസ്തഫയുടെ മക്കൾ പ്രാവിനെ ഉടമക്ക് തിരിച്ചേൽപിക്കുന്നു
തുവ്വൂർ (മലപ്പുറം): മേഘപാളികൾക്കിടയിൽപെട്ട് വഴിതെറ്റി അലഞ്ഞ പ്രാവ് കാതങ്ങൾക്കിപ്പുറം തളർന്നുവീണു. കോഴിക്കോട് കടപ്പുറത്തുനിന്ന് പറന്നുയർന്ന പ്രാവ് തുവ്വൂർ നീലാഞ്ചേരിയിലെ വീട്ടുമുറ്റത്താണ് വീണത്. വിവരമറിഞ്ഞ് പിറകെ കാക്കഞ്ചേരിയിൽനിന്ന് ഉടമസ്ഥരും പാഞ്ഞെത്തി.
കോഴിക്കോട് കടപ്പുറത്ത് കഴിഞ്ഞ ദിവസം നടന്ന പ്രാവ് പറത്തൽ മത്സരത്തിൽ പങ്കെടുത്ത പ്രാവാണ് വഴിതെറ്റി 75 കിലോമീറ്ററോളം ദൂരെ നീലാഞ്ചേരിയിലെ വാലയിൽ മുസ്തഫയുടെ വീട്ടുമുറ്റത്ത് തളർന്നുവീണത്. മുസ്തഫയുടെ ഭാര്യ റാബിയ പ്രാവിനെ എടുത്ത് ഭക്ഷണവും ശുശ്രൂഷയും നൽകി. പ്രാവിന്റെ കാലിലെ ടാഗിൽ കണ്ട ഫോൺനമ്പറിൽ വിളിച്ചപ്പോഴാണ് ഉടമസ്ഥർ വിവരമറിഞ്ഞത്. ഉടൻ ഇവർ മുസ്തഫയുടെ വീട്ടിലെത്തി പ്രാവിനെ ഏറ്റുവാങ്ങി.
പറക്കൽ മത്സരത്തിനായി വളർത്തുന്ന മുന്തിയ ഇനം പ്രാവാണിത്. വഴിതെറ്റിയാലും ഇവ തിരികെ വീട്ടിലെത്താറുണ്ടെന്നും മേഘങ്ങൾക്കിടയിൽപെട്ടതിനാലാണ് ഏറെ ദൂരം വന്നതെന്നും ഉടമ അഷറഫ് പറഞ്ഞു. വീട്ടുകാർക്ക് നന്ദി പറഞ്ഞാണ് ഇവർ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.