മഞ്ചേരി: ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സേവനം ചെയ്തുവന്ന ഫാർമസിസ്റ്റ് ജോലിഭാരവും അതുമൂലമുള്ള മാനസിക സംഘർഷവും കാരണം ജീവനൊടുക്കിയ നിലയിൽ. കൂട്ടിലങ്ങാടി പള്ളിപ്പുറം വെണ്ണക്കോട് റിട്ട. അധ്യാപകൻ കുഞ്ഞിമുഹമ്മദി െൻറയും സുലൈഖയുടെയും മകൻ അബ്ദുൽ നാസർ (32) ആണ് വീട്ടിൽ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ ഭാര്യ അടുക്കളയിൽ കയറിയ സമയത്താണ് സംഭവം. പി.എസ്.സി വഴി മൂന്നുമാസം മുമ്പ് സർവീസിൽ കയറിയ അബ്ദുൽ നാസറിന് ആദ്യം കിട്ടിയ പോസ്റ്റിങ് ചുങ്കത്തറ കമ്യൂണിറ്റി ഹെൽത്ത് സെൻററിലായിരുന്നു. ആദ്യനിയമനം തന്നെ വലിയ തോതിൽ ജോലയും ഉത്തരവാദിത്തവുമുള്ള കേന്ദ്രത്തിലായതാണ് മാനസിക സംഘർഷത്തിനിടയാക്കിയത്.
ഒരു ഫാർമസിസ്റ്റ് മാത്രമാണിവിടെ. പരിസരത്തെ എട്ട് പ്രൈമറി ഹെൽത്ത് സെൻററിലേക്ക് ക്ഷയരോഗനിർമാർജന പദ്ധതി പ്രകാരമുള്ള മരുന്നുകൾ ഇവിടെ നിന്നാണ് കൊണ്ടുപോവുന്നത്. ആശുപത്രിയിൽ എത്തുന്നവർക്ക് മരുന്നു വിതരണവും ആശുപത്രിയിൽ എത്തുന്നതും ഇവിടെ നിന്ന് കൊടുത്തുവിടുന്നതുമായ മരുന്നുകളുടെ കണക്കു സൂക്ഷിക്കലും അടക്കം ഭാരിച്ച ജോലിയുണ്ട്. ഇതിനു പുറമെ വെള്ളപ്പൊത്തവും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ ആരോഗ്യ ജീവനക്കാർ ലീവെടുക്കാനും നിയന്ത്രണമുണ്ടായിരുന്നു. അവധി ദിവസങ്ങളിലും സേവനം ചെയ്യേണ്ടി വന്നു.
വലിയതോതിൽ മാനസിക പിരിമുറുക്കവും സംഘർഷവും അനുഭവിക്കുന്നതായി അടുത്ത ബന്ധുക്കളോടും മറ്റും ഇദ്ദേഹം പറയുകയും ചെയ്തിരുന്നു. അബ്ദുൽ നാസറിന് ആദ്യ പോസ്റ്റിങ് ആയതിനാൽ ഉള്ള പ്രയാസവും ജോലിഭാരവും കാരണം ചുങ്കത്തറ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒഴിവാക്കി വേറെയും ഫാർമസിസ്റ്റുകളുള്ള നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് ജില്ലാ മെഡിക്കൽ ഒാഫീസർ കഴിഞ്ഞ ദിവസം നിയമനം നൽകിയിരുന്നു. ഇവിടെ ചുമതലയേറ്റതിനു പിറകെയാണ് ജീവനൊടുക്കിയത്. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. ഭാര്യ: ഫാത്തിമത്ത് തസ്നി. മകൻ.അഫ് ലഹ്. സഹോദരങ്ങൾ: അസ് ലം, ഹാരിസ്, സീനത്ത്, സലീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.