തിരുവമ്പാടി (കോഴിക്കോട്): നിയമസഭ തെരെഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്പെഷൽ എജുക്കേറ്റർ നിയമന പ്രശ്നത്തിൽ സർക്കാർ നിലപാട് മാറ്റി. സുപ്രീംകോടതി ഉത്തരവ് പ്രകാരം സ്പെഷൽ എജുക്കേറ്റർമാരുടെ സ്ഥിരനിയമന നടപടികൾ വേഗത്തിലാക്കുമെന്നാണ് ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
സ്ഥിരപ്പെടുത്തണമെന്ന 2025 മാർച്ച് ഏഴിലെ സുപ്രീം കോടതി ഉത്തരവ് സാമ്പത്തിക ബാധ്യത മൂലം നടപ്പാക്കാൻ കഴിയില്ലെന്നായിരുന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകി ഫെബ്രുവരി 16ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഇതു സംബന്ധിച്ച് 19ന് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിൽ 7964 സ്പെഷൽ എജുക്കേറ്റർ തസ്തികൾക്ക് 358 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നായിരുന്നു സത്യവാങ്മൂലത്തിൽ ചൂണ്ടികാട്ടിയിരുന്നത്.
സ്പെഷൽ എജുക്കേറ്റർമാരുടെ സ്ഥിരനിയമന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നായിരുന്നു ഫെബ്രു 20ന് മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ പ്രതികരിച്ചിരുന്നതും. എന്നാൽ, ഫെബ്രുവരി 21ന് നിലപാടിൽ മലക്കംമറിഞ്ഞ മന്ത്രി, സ്പെഷൽ എജുക്കേറ്റർ നിയമനം വേഗത്തിലാക്കുമെന്ന് ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. അധ്യാപകരുടെ നിയമന ഉത്തരവ് സംബന്ധിച്ച് വിശദാംശം മന്ത്രി നൽകിയിട്ടില്ല. 2707 സ്പെഷൽ എജുക്കേറ്റർമാരാണ് കേരളത്തിൽ എസ്.എസ്.കെ പദ്ധതിയിൽ കരാറടിസ്ഥാനത്തിൽ ഉള്ളതെന്നാണ് മന്ത്രി വ്യക്തമാക്കിയത്. രാജ്യത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഭിന്നശേഷി കുട്ടികൾക്ക് മികച്ച സേവനം ലഭിക്കാൻ സ്പെഷൽ എജുക്കേറ്റർ തസ്തിക സൃഷ്ടിക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. താത്കാലികമായി പ്രവർത്തിക്കുന്ന സ്പെഷൽ എജുക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്നും ശേഷം വരുന്ന തസ്തികകൾ നിലവിലെ റിക്രൂട്ട്മെന്റ് സംവിധാനം വഴി നികത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.
അതേസമയം, 10 വർഷത്തിനിടെ സ്പെഷൽ എജുക്കേറ്റർമാരുടെ ശമ്പളം പോലും സംസ്ഥാന സർക്കാർ വർധിപ്പിച്ചിട്ടില്ലെന്ന് സ്പെഷൽ എജുക്കേറ്റേഴ്സ് ഫെഡറേഷൻ കേരള (സെഫ് കെ) സംസ്ഥാന പ്രസിഡന്റ് കെ.വി. അനൂപ് കുറ്റപ്പെടുത്തി . സ്ഥിരനിയമന ഉത്തരവ് കൈപറ്റിയാലേ മന്ത്രിയുടെ പ്രസ്താവനയിൽ വിശ്വസിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
തിരുവമ്പാടി (കോഴിക്കോട്): സുപ്രീം കോടതിയുടെ സ്ഥിരനിയമന ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സ്പെഷൽ എജുക്കേറ്റർമാർ 26 മുതൽ സെക്രട്ടറിയേറ്റ് നടയിൽ സായാഹ്ന നിൽപ്പ് സമരം നടത്തുമെന്ന് സ്പെഷൽ എജുക്കേറ്റേഴ്സ് ഫെഡറേഷൻ കേരള (സെഫ് കെ) ഭാരവാഹികൾ പറഞ്ഞു. ഒരാഴ്ച മുമ്പ് സെക്രട്ടറിയേറ്റിന് മുന്നിൽ സ്പെഷൽ എജുക്കേറ്റർമാർ രാപകൽ സമരം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.