പെരിയ ദേശീയപാത സർവിസ് റോഡ് ഇടിഞ്ഞു താഴ്ന്നു: പ്രതിഷേധവുമായി നാട്ടുകാർ

പെരിയ (കാസർകോട്): പെരിയ ദേശീയപാത സർവിസ് റോഡ് ഇടിഞ്ഞു വീണു. രാവിലെ 8.30നാണ് പെരിയ ടൗണിന് സമീപം അപകടം നടന്നത്. കാഞ്ഞങ്ങാട് നിന്ന് കാസർകോട്ടേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് കടന്നുപോകുന്നതിനു തൊട്ടുമുമ്പ് ദേശീയപാതയുടെ സർവിസ് റോഡ് ഇടിഞ്ഞുതാഴുകയായിരുന്നു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ബസ് യാത്രക്കാർ രക്ഷപ്പെട്ടത്.

റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് സർവിസ് റോഡുകൾ തകർന്നുവീഴാൻ കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. റോഡ് തകർന്നതിനാൽ പെരിയ ടൗണിലേക്കുള്ള ഗതാഗതം മണിക്കൂറുകളോളം മുടങ്ങി. കേരള, കേന്ദ്ര സർവകലാശാലയുടെ പ്രധാന കവാടത്തിന് മുന്നിൽ അടിപ്പാതയുടെ കിഴക്കുവശത്തെ സർവിസ് റോഡിലൂടെയാണ് വാഹനങ്ങൾ പെരിയ ടൗണിലേക്ക് പ്രവേശിക്കുന്നത്. ആ ഭാഗത്താണ് റോഡ് ഇടിഞ്ഞുവീണത്.

ദേശീയപാത വികസനത്തിന്റെ പേരിൽ കോടികൾ ചെലവിടുമ്പോൾ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതർ വീഴ്ച കാട്ടുകയാണെന്നും പ്രദേശവാസികൾ ആരോപിച്ചു. സർവിസ് റോഡുകളിലെ അശാസ്ത്രീയ നിർമാണവും ഓവുചാൽ നിർമാണവുമാണ് റോഡുകൾ മഴയിൽ ഇടിഞ്ഞു വീഴാൻ കാരണം. സർവിസ് റോഡിലെ അശാസ്ത്രീയ നിർമാണത്തിനെതിരെ പെരിയ വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്ത ഓട്ടോ തൊഴിലാളി യൂണിയനും പ്രതിഷേധവുമായി രംഗത്തെത്തി.

വെള്ളക്കെട്ട് ഒഴിവാക്കാതെ തകർന്ന സർവിസ് റോഡിലൂടെ ഗതാഗതം അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തു. തുടർന്ന് വെള്ളക്കെട്ട് ഒഴിവാക്കി, താഴ്ന്ന ഭാഗം പൂർവസ്ഥിതിയിലാക്കി ഉച്ചക്ക് ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. അശാസ്ത്രീയ റോഡ് നിർമാണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല കലക്ടർക്ക് പരാതി നൽകുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെയും ഭാരവാഹികൾ പറഞ്ഞു.

അതേസമയം, കേരളത്തിൽ ദേശീയപാത 66-ന്റെ വികസന പ്രവർത്തനങ്ങൾ നടക്കുന്ന വിവിധ സ്ഥലങ്ങളിൽ സർവിസ് റോഡുകളും അനുബന്ധ നിർമാണങ്ങളും ഇടിഞ്ഞിട്ടുണ്ട്. അശാസ്ത്രീയ നിർമാണരീതിയും പാടശേഖരങ്ങൾ നികത്തി റോഡ് നിർമിക്കുന്നതുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

2025 മെയ് മാസത്തിൽ മലപ്പുറം കൂരിയാടിനടുത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ ഭാഗം ഇടിഞ്ഞു. പാടശേഖരത്തിന് മുകളിൽ നിർമിച്ച റോഡിന്റെ വശത്തെ ഭിത്തി തകരുകയും സർവിസ് റോഡിലേക്ക് മണ്ണും കോൺക്രീറ്റ് കട്ടകളും വീഴുകയും ചെയ്തു. 2025 ഡിസംബറിൽ കൊല്ലം മൈലാക്കാട് ഭാഗത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ വശത്തെ ഭിത്തി തകർന്ന് സർവിസ് റോഡിലേക്ക് വീണു. 2025 മെയ് മാസത്തിൽ കാസർകോട് മാവുങ്കാലിന് സമീപം ചെമ്മട്ടംവയലിലും കനത്ത മഴയെ തുടർന്ന് സർവിസ് റോഡ് ഇടിഞ്ഞുതാഴ്ന്നിരുന്നു. കോഴിക്കോട് മലാപ്പറമ്പ്, മലപ്പുറം തലപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ സർവിസ് റോഡിൽ വിള്ളലുകൾ രൂപപ്പെടുകയും തകർച്ചയുണ്ടാവുകയും ചെയ്തിട്ടുണ്ട്.

ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത് നിർമാണത്തിലെ അപാകതകളെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. റോഡ് നിർമാണത്തിനായി പാടശേഖരങ്ങൾ നികത്തുമ്പോൾ വേണ്ടത്ര മണ്ണ് പരിശോധന നടത്താറില്ലെന്ന് പരാതിയുണ്ട്. നിർമാണങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ കർശനമായ പരിശോധനകൾ ആവശ്യമാണെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

Tags:    
News Summary - Service road collapses: Locals protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.