പെരിങ്ങോട്ടുകര ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരൻ, മകൾ ഉണ്ണിമായ
കൊച്ചി: പുജയുടെ മറവില്‍ കര്‍ണാടക സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പെരിങ്ങോട്ടുകര ക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരനെ അറസ്റ്റ് ചെയ്ത ബംഗളൂരു പൊലീസ് നടപടിക്കെതിരെ മകള്‍ ഉണ്ണിമായ. അച്ഛന്‍ നിരപരാധിയാണെന്നും കേസില്‍നിന്ന് ഒഴിവാക്കാന്‍ പൊലീസ് രണ്ടുകോടി രൂപ ആവശ്യപ്പെട്ടെന്നും വാർത്തസമ്മേളനത്തില്‍ അവർ ആരോപിച്ചു.
തന്ത്രിയുടെ സഹോദരമക്കളായ പ്രവീണും ശ്രീരാഗും കാശിനാഥനും ചേര്‍ന്നുള്ള ഗൂഢാലോചനയാണ് പീഡനക്കേസ്. മുന്‍വൈരാഗ്യമാണ് കാരണം. പ്രവീണിന്റെ കര്‍ണാടകയിലുള്ള പെണ്‍സുഹൃത്താണ് അറസ്റ്റിലായ അരുണിനും തന്ത്രിക്കുമെതിരെ പരാതി നല്‍കിയത്. കര്‍ണാടക ബെന്ദല്ലൂര്‍ സ്റ്റേഷനില്‍ നല്‍കിയ പരാതി വസ്തുതാവിരുദ്ധമാണെന്ന് സി.സി ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇക്കാര്യം പൊലീസിനും കോടതിയിലും സമര്‍പ്പിച്ചിട്ടുണ്ട്.
അച്ഛന്റെ സഹോദരങ്ങള്‍ ക്ഷേത്രഭരണം നിയമവിരുദ്ധമായി പിടിച്ചെടുക്കാൻ ഗൂഢാലോചന നടത്തിയിരുന്നു. അച്ഛനെ വധിക്കുന്നതിനടക്കം പദ്ധതിയിടുകയും ക്ഷേത്രഭണ്ഡാരവും വസ്തുക്കളും കൊള്ളയടിക്കുകയും ചെയ്തു. കുടുംബത്തെയും ക്ഷേത്രത്തെയും തകര്‍ക്കാന്‍ എതിർകക്ഷികള്‍ വ്യാജപരാതി ഉന്നയിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.
അച്ഛന്‍റെ സഹോദരന്മാരായ കെ.ഡി. ദേവദാസ്, കെ.ഡി. വേണുഗോപാല്‍, മക്കളായ അഡ്വ. പ്രവീണ്‍, അഡ്വ. ശ്രീരാഗ് ദേവദാസ്, സ്വാമിനാഥന്‍, കാശിനാഥന്‍, മരുമക്കളായ അനഘ പ്രവീണ്‍, രജിത സ്വാമിനാഥന്‍, ചന്ദന ശ്രീരാഗ്, മഹേശ്വരി എന്നിവര്‍ക്കെതിരെ കേസ് കൊടുത്തതായും ഉണ്ണിമായ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.