വിവരങ്ങൾ രഹസ്യം; നടപടി തത്സമയം; ലഹരിക്കെതിരെ ‘പീപ്പിൾസ് ഐ ആപ്പ്’
തൊടുപുഴ: മയക്കുമരുന്നുകളുടെയും അനധികൃത മദ്യത്തിന്റെയും നിർമാണം, സംഭരണം, വിൽപന, ഉപയോഗം എന്നിവ തടയാൻ പരാതിക്കാരുടെ വിവരങ്ങൾ പൂർണമായും രഹസ്യമാക്കിവെച്ച് എക്സൈസിന് വിവരങ്ങൾ കൈമാറാൻ പീപ്പിൾസ് ഐ മൊബൈൽ ആപ്പ് സജ്ജമായി. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താതെ കാര്യം രേഖപ്പെടുത്താനുള്ള സൗകര്യമാണ് ആപ്പിൽ ഒരുക്കിയത്.
ആപ്പ് വഴി നൽകുന്ന പരാതികൾ അതിവേഗം കൈകാര്യം ചെയ്യാൻ ഓട്ടോമേറ്റഡ് റൂട്ടിങ് സംവിധാനമുണ്ട്. പരാതി സമർപ്പിച്ചാൽ ഉടൻ അതത് പ്രദേശത്തിന്റെ ചുമതലയുള്ള എക്സൈസ് റേഞ്ച്/സർക്കിൾ ഓഫിസിലേക്ക് അത് കൈമാറ്റം ചെയ്യപ്പെടും. ഫീൽഡ് ഓഫിസുകൾ സ്വീകരിക്കുന്ന തുടർനടപടികൾ എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് തത്സമയം ട്രാക്ക് ചെയ്യാനും ആപ്പിലൂടെ സാധിക്കും.
നിശ്ചിത ദിവസത്തിനകം പരാതിയിൽ കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ, അത് അന്വേഷിക്കാൻ സീനിയർ ഉദ്യോഗസ്ഥനെ നിയോഗിക്കും. നിലവിൽ പൊതുജനങ്ങൾ ഫോണിലൂടെയാണ് വിവരങ്ങൾ എക്സൈസിന് കൈമാറുന്നത്. ഇത് രഹസ്യമാണെന്ന് പറയാറുണ്ടെങ്കിലും പലരും മടികാട്ടുന്ന സാഹചര്യത്തിലാണ് ആപ്പ് സജ്ജമാക്കിയത്. ലഭിക്കുന്ന വിവരങ്ങളിൽ സമയബന്ധിത ഇടപെടലിന് സംസ്ഥാന തലത്തിലും ജില്ലതലങ്ങളിലും 24 മണിക്കൂർ കൺട്രോൾ റൂമുകളും സജ്ജീകരിച്ചു. രഹസ്യ വിവരങ്ങളിൽ 24 മണിക്കൂറിനകം പ്രാഥമിക നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.