തദ്ദേശ തെരഞ്ഞെടുപ്പിലെ വിഭാഗീയത; ജില്ലയിലെ ഏഴ് മുസ്ലിം ലീഗ് നേതാക്കൾക്ക് താക്കീത്
കൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് ജില്ലയിലെ മുസ്ലിം ലീഗിലെ ഏഴ് പ്രമുഖ നേതാക്കൾക്ക് പാർട്ടിയുടെ താക്കീത്. കൽപറ്റ നഗരസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് നേതാക്കളെ ശാസിച്ചത്. ആരോപണ വിധേയരായ നേതാക്കൾ കുറ്റം സമ്മതിക്കുകയും മാപ്പപേക്ഷ നൽകുകയും ചെയ്തതിനെ തുടർന്നാണ് പാർട്ടി കടുത്ത നടപടികളിലേക്ക് പോവാതിരുന്നതെന്നാണ് വിവരം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോഴും മുന്നണി ഭരിച്ചിരുന്ന കൽപറ്റ നഗരസഭ നഷ്ടപ്പെടാൻ കാരണം വിഭാഗീയതയാണെന്ന് അന്നു തന്നെ ആരോപണം ഉയർന്നിരുന്നു. മുനിസിപ്പൽ പരിധിയിലെ ചില നേതാക്കൾ തെരഞ്ഞെടുപ്പിൽ നിസ്സഹകരണ നിലപാട് സ്വീകരിക്കുകയും പാർട്ടി കുത്തകയായ ചില വാർഡുകളിൽ സ്ഥാനാർഥികൾ പരാജയപ്പെടാൻ കാരണമാവുകയും ചെയ്തുവെന്നാണ് കണ്ടെത്തൽ.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പിരിച്ചുവിടുകയും അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തിരുന്നു. തുടർന്ന് പരാതി അന്വേഷിക്കുന്നതിന് മൂന്നംഗ സമിതിയെ ജില്ല കമ്മിറ്റി ചുമതലപ്പെടുത്തുകയും ചെയ്തു. ജില്ല സെക്രട്ടറി പി.പി. അയൂബ്, നിലവിലെ വൈസ് പ്രസിഡന്റ് എം.സി.എം. ജമാൽ, മണ്ഡലം ഭാരവാഹി കടവത്ത് ഹംസ എന്നിവർ അടങ്ങിയ സമിതി നടത്തിയ അന്വേഷണത്തിലാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് ഏഴ് നേതാക്കൾ ഉത്തരവാദികളാണെന്ന് കണ്ടെത്തിയത്.
മത്സരിച്ച 12 സീറ്റിൽ അഞ്ച് സീറ്റിലാണ് ലീഗ് പരാജയപ്പെട്ടത്. ഇതിൽ മൂന്ന് സീറ്റ് മുസ്ലിം ലീഗ് കോട്ടയായിട്ടും പരാജയത്തിന് കാരണമായത് നേതാക്കളുടെ നിസ്സംഗ നിലപാടാണെന്നാണ് വിലയിരുത്തൽ. തുടർന്ന് ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ടെങ്കിലും തെറ്റ് സമ്മതിച്ച് ഇവർ മാപ്പപേക്ഷ നൽകിയതോടെ താക്കീതിൽ നടപടി ഒതുക്കുകയായിരുന്നു. പാർട്ടിയുടെ ജില്ല, മണ്ഡലം, മുനിസിപ്പൽ ഭാരവാഹികളും യൂത്ത് ലീഗ്, എസ്.ടി.യു ജില്ല ഭാരവാഹികളും ആയ ഏഴ് പേർക്കാണ് വിഭാഗീയതയുടെ പേരിൽ താക്കീത് നൽകിയത്. മാപ്പപേക്ഷയെ തുടർന്ന് മരവിപ്പിച്ച മുനിസിപ്പൽ കമ്മിറ്റി പുനരജ്ജീവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.