അബ്ദുന്നാസിർ മഅ്ദനി
കൊച്ചി: അബ്ദുന്നാസിർ മഅ്ദനിയുടെ അനുമതി ലഭിച്ചാൽ കർണാടക സർക്കാർ ചുമത്തിയ സുരക്ഷാ ചെലവ് വഹിക്കാൻ തയാറെന്ന് പി.ഡി.പി. സുപ്രീംകോടതി നല്‍കിയ ജാമ്യഇളവ് പരിഗണിച്ച് എന്തുവിലകൊടുത്തും അദ്ദേഹത്തെ നാട്ടിലെത്തിക്കാന്‍ പാര്‍ട്ടി ഇടപെടുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മഅ്ദനിയുടെ ജീവനാണ് ഏറ്റവും പ്രധാനപ്പെട്ടതെന്നതിനാലാണ് നീതിന്യായ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം ഭരണകൂട നയങ്ങളോട് വിയോജിക്കുമ്പോഴും ചെലവ് വഹിക്കാൻ പാർട്ടി തയാറാകുന്നത്. നേതാക്കളും പ്രവര്‍ത്തകരും കേരളീയ പൊതുസമൂഹവും സുരക്ഷാ ചെലവിനത്തില്‍ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി മൈലക്കാട് ഷാ ഇതിനായി സ്ഥലം വിറ്റുകഴിഞ്ഞു.
മഅ്ദനിക്ക് സ്വാഭാവിക നീതി അട്ടിമറിച്ച കര്‍ണാടക പ്രോസിക്യൂഷനെതിരെ നിയമ നടപടിക്ക് ശ്രമിക്കും. പ്രോസിക്യൂഷന്‍ നിരത്തുന്ന അവാസ്തവങ്ങളുടെ നിജസ്ഥിതി പരിശോധിക്കാതെ വിധിപറയുന്ന കോടതികള്‍ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് കെടുത്തുകയാണ്. നാലു മാസംകൊണ്ട് കേസ് തീര്‍ക്കാമെന്ന് എട്ടു വര്‍ഷം മുമ്പ് സുപ്രീംകോടതിയില്‍ ഉറപ്പുകൊടുത്ത പ്രോസിക്യൂഷനോട് എന്തുകൊണ്ട് കേസ് തീര്‍ക്കുന്നില്ല എന്ന് തിരിച്ചു ചോദിക്കാന്‍ കോടതിക്ക് കഴിയാതെ പോകുന്നത് അന്യായമാണെന്നും നേതാക്കള്‍ പറഞ്ഞു.
വൈസ് ചെയര്‍മാന്‍മാരായ അഡ്വ. മുട്ടം നാസര്‍, ടി.എ. മുഹമ്മദ് ബിലാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.എം. അലിയാര്‍, സാബു കൊട്ടാരക്കര, മൈലക്കാട് ഷാ, ട്രഷറര്‍ എം.എസ്. നൗഷാദ്, ടി.എ. മുജീബ് റഹ്മാന്‍, ജില്ല പ്രസിഡന്റ് അഷറഫ് വാഴക്കാല തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.