കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി ത​ല​ശ്ശേ​രി ടൗ​ൺ​ഹാ​ളി​ൽ എ​ത്തി​ച്ച​പ്പോ​ൾ പൊ​ലീ​സ് ഗാ​ർ​ഡ് ഓ​ഫ് ഓ​ർ​ണ​ർ ന​ൽ​കു​ന്നു

  –ബൈ​ജു കൊ​ടു​വ​ള്ളി

ഹൃദയാഭിവാദ്യമേറ്റ്...പ്രിയപ്പെട്ടവരെ കണ്ണീരണിയിച്ച് കോടിയേരിയുടെ ഭൗതികശരീരം പിറന്ന നാട്ടിൽ; ഇന്ന് സംസ്കാരം

കണ്ണൂർ: കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ ചിരിമുഖം ഓർമയിലേക്ക്. ശനിയാഴ്ച ചെന്നൈയിൽ അന്തരിച്ച സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍റെ ഭൗതികശരീരം ഇന്ന് ഉച്ചക്ക് കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് അഗ്നിനാളങ്ങൾ ഏറ്റുവാങ്ങും. നിറചിരിയുമായി ജനങ്ങൾക്കൊപ്പം നിന്ന നേതാവിന്‍റെ പിറന്ന നാട്ടിലേക്കുള്ള അവസാന വരവ് പ്രിയപ്പെട്ടവരെയാകെ കണ്ണീരണിയിച്ചു.

വികാരനിർഭരമായിരുന്നു യാത്രയയപ്പ്. ഉച്ചയോടെ കണ്ണൂരിലെത്തിയ ഭൗതികശരീരം രാത്രി വൈകുവോളം തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുദർശന സമയം മുഴുവൻ മൃതദേഹത്തോടൊപ്പംതന്നെ ഉണ്ടായിരുന്നു. രാത്രി കോടിയേരിയിലെ സ്വന്തം വീട്ടിൽ സൂക്ഷിച്ച ഭൗതികശരീരം തിങ്കളാഴ്ച രാവിലെ കണ്ണൂരിൽ സി.പി.എം ജില്ല കമ്മിറ്റി ഓഫിസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ പൊതുദർശനത്തിനുശേഷമാണ് പയ്യാമ്പലത്തേക്ക് എടുക്കുക. കോടിയേരിയോടുള്ള ആദര സൂചകമായി കണ്ണൂർ, തലശ്ശേരി, ധർമ്മടം എന്നീ നിയമസഭ മണ്ഡലങ്ങളിലും മാഹി പരിധിയിലും ഇന്ന് ഹർത്താൽ ആചരിക്കും.

അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു കോടിയേരിയുടെ അന്ത്യം. എംബാം നടപടിക്രമങ്ങൾ പൂർത്തിയാക്കി ചെന്നൈയിൽനിന്ന് പുറപ്പെട്ട എയർ ആംബുലൻസ് ഉച്ചക്ക് ഒരുമണിയോടെ കണ്ണൂർ വിമാനത്താവളത്തിലിറങ്ങി. അപ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങളും മന്ത്രിമാരും തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്തി. വിമാനത്താവളത്തിനകത്ത് കാർഗോ ഏരിയയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യം അന്ത്യോപചാരം അർപ്പിച്ചു. പിന്നാലെ വിലാപയാത്രയായി കോടിയേരിയുടെ ആദ്യകാല കർമമണ്ഡലമായ തലശ്ശേരിയിലേക്ക്. വിലാപയാത്രയിൽ ആംബുലൻസിൽ അനുഗമിച്ച സ്പീക്കർ എ.എൻ. ഷംസീർ മൃതദേഹം ആദ്യം കണ്ടപ്പോൾ ദുഃഖം താങ്ങാനാകാതെ വിതുമ്പി.

പ്രിയനേതാവിനെ ഒരുനോക്ക് കാണാൻ വിമാനത്താവളത്തിന് പുറത്ത് ആയിരങ്ങൾ കാത്തുനിൽപുണ്ടായിരുന്നു. മട്ടന്നൂരിൽനിന്ന് തലശ്ശേരി വരെ വഴിനീളെ കണ്ണീർപൂക്കളുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആളുകൾ തിങ്ങിക്കൂടി.

ആംബുലൻസ് വേഗത കുറച്ച് 14 കേന്ദ്രങ്ങളിൽ അന്ത്യോപചാരത്തിന് അവസരമൊരുക്കി. എല്ലായിടത്തും കണ്ഠമിടറി മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയുമാണ് ആളുകൾ പ്രിയനേതാവിനെ വരവേറ്റത്. വിലാപയാത്ര മൂന്നേകാലിന് ടൗൺഹാൾ മുറ്റത്തെത്തുമ്പോൾ അതുവരെ ശാന്തമായിരുന്ന ജനക്കൂട്ടം റെഡ്സല്യൂട്ട് വിളികളാൽ ഇളകിമറിഞ്ഞു. പൊലീസിന്‍റെ ഗാർഡ് ഓഫ് ഓണറിനുശേഷം ചെമ്പതാക പുതപ്പിച്ച് പൊതുദർശനം തുടങ്ങി. രാത്രി വൈകുവോളം പൊതുദർശനം തുടർന്നു.

കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, മുനവറലി ശിഹാബ് തങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖർ അവിടെയെത്തി. അന്ത്യോപചാരത്തിനിടെ കോടിയേരിയുടെ ഭാര്യ വിനോദിനി തളർന്നുവീണു. ഇവരെ കോടിയേരിയിലെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. കോടിയേരിയെ അവസാനമായി കാണാനെത്തിയവരെക്കൊണ്ട് തലശ്ശേരി വീർപ്പുമുട്ടി. ജനക്കൂട്ടത്തിന്‍റെ നീണ്ട ക്യൂ കിലോമീറ്ററുകൾ നീണ്ടു.

സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ
തി​രു​വ​ന​ന്ത​പു​രം: സി.​പി.​എം നേ​താ​വും മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യി​രു​ന്ന​ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ സം​സ്കാ​രം പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ. ഇ​തു​സം​ബ​ന്ധി​ച്ച്​ പൊ​തു​ഭ​ര​ണ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പ​യ്യാ​മ്പ​ലം ക​ട​പ്പു​റ​ത്ത്​ ന​ട​ക്കു​ന്ന സം​സ്കാ​ര​ത്തി​ൽ ഗ​ൺ സ​ല്യൂ​ട്ട്​ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​യാ​കും ന​ൽ​കു​ക. പൊ​തു​ദ​ർ​ശ​നം ന​ട​ക്കു​ന്ന ത​ല​ശ്ശേ​രി മു​നി​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ലും വീ​ട്ടി​ലും ​ബ്യൂ​ഗി​ൾ സ​ല്യൂ​ട്ട്​ ന​ൽ​കി പൊ​ലീ​സ്​ ആ​ദ​ര​വ്​ ന​ൽ​കും.​  
Tags:    
News Summary - pay tribute to CPI-M leader Kodiyeri Balakrishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.