തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുൻനിലപാടിൽനിന്ന് മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വംബോർഡ്. യുവതീപ്രവേശന വിധിയെ എതിർക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കണമെന്ന നിലപാട് സുപ്രീംകോടതിയിൽ സ്വീകരിക്കാനും തിങ്കളാഴ്ച ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു. പുതിയ നിലപാട് സുപ്രീംകോടതിയെ അറിയിക്കാൻ അഭിഭാഷകനെ ചുമതലപ്പെടുത്തി.
സുപ്രീംകോടതി ഉത്തരവിനെ എതിർക്കുക എന്നതുതന്നെയാണ് ദേവസ്വംബോർഡിന്റെ തീരുമാനമെന്ന് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു. കാലങ്ങളായി നിലവിലുണ്ടായിരുന്ന സ്ത്രീപ്രവേശനം സംബന്ധിച്ച ആചാരങ്ങൾ നിലനിർത്തണമെന്നാണ് ബോർഡിന്റെ അഭിപ്രായം. അത് സുപ്രീംകോടതിയെ അറിയിക്കാൻ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. ബോർഡ് ഒരിക്കലും യുവതീപ്രവേശനത്തെ അനുകൂലിച്ചിട്ടില്ല. വ്യക്തികൾ അനുകൂലിച്ചിട്ടുണ്ടാകാം. 2020ൽ അറിയിച്ചത് അഭിഭാഷകന്റെ നിലപാടാണ്. ഇക്കാര്യത്തിൽ ബോർഡിന് ആശയക്കുഴപ്പമില്ല. നിലവിലുള്ള ഉത്തരവിനെ സുപ്രീംകോടതിയിൽ എതിർക്കും. നിലപാട് കോടതിയിൽ സത്യവാങ്മൂലമായി അറിയിക്കും-കെ. ജയകുമാർ പറഞ്ഞു.
യുവതീപ്രവേശനം സംബന്ധിച്ച് മാർച്ച് 15നകം ബന്ധപ്പെട്ട കക്ഷികളോടെല്ലാം വിഷയത്തിൽ നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ദേവസ്വംബോർഡ് യോഗം ചേർന്നത്. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് യുവതീപ്രവേശനം പ്രമേയമായാണ് ബോർഡ് പരിഗണിച്ചത്. വിശ്വാസികൾക്കൊപ്പം നിൽക്കുന്ന നിലപാട് സ്വീകരിച്ചാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
യുവതീപ്രവേശന വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നായിരുന്നു 2020ൽ സുപ്രീംകോടതി വിധി പുനഃപരിശോധിക്കാനുള്ള ഹരജി പരിഗണിച്ചപ്പോൾ ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ സ്വീകരിച്ച നിലപാട്. എന്നാൽ, അതിൽനിന്ന് മലക്കംമറിയുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചത്. മന്ത്രിസഭായോഗവും വിഷയം ചർച്ച ചെയ്ത് സർക്കാർ നിലപാട് കൈക്കൊള്ളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.