വ്യക്തികളല്ല, പാർട്ടിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്: മത്സരിക്കേണ്ടന്ന് പറഞ്ഞാൽ മത്സരിക്കില്ല -എം.എം. മണി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിൽ എം.എം മണിക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതികരണവുമായി മണി. 'ഞങ്ങളുടെ പാർട്ടിയിൽ വ്യക്തികളല്ല, പാർട്ടിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. പാർട്ടി തീരുമാനിച്ചാൽ ഞാൻ മത്സരിക്കും. ഇല്ലെങ്കിൽ ഞാൻ മത്സരിക്കില്ല' എന്ന് എം.എം. മണി മാധ്യമങ്ങളോട് പറഞ്ഞു.

'ഞാൻ രണ്ട് തവണ എം.എൽ.എ ആയി. ഒരു തവണ മന്ത്രിയുമായി. ഇടുക്കി ജില്ലയിൽ നിന്നും ഞങ്ങളുടെ പാർട്ടിയിലെ ആദ്യ മന്ത്രിയായത് ഞാനാണ്. പാർട്ടി വേണ്ടുവോളം പരിഗണന എനിക്ക് തന്നിട്ടുണ്ട്. അതുകൊണ്ട് ഇനിയും സീറ്റ് തരണമെന്ന് നിർബന്ധമൊന്നുമില്ല' മണി പറഞ്ഞു.

ഉടുമ്പൻചോലയിൽ മണിയെ മൂന്നാമതും മത്സരിപ്പിക്കണമെന്നായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്റെ ആവശ്യം. ജില്ലാ കമ്മിറ്റിയുടെ പട്ടികയിലും മണിയാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ, ജില്ലാ കമ്മിറ്റി സമർപ്പിച്ച പട്ടിക സംസ്ഥാന നേതൃത്വം തിരുത്തുകയായിരുന്നു.

കെ. ജയചന്ദ്രനാവും ഉടുമ്പൻചോലയിൽ എൽ.ഡി.എഫ് സ്ഥാനാർഥി. ജയചന്ദ്രന്റെ സ്ഥാനാർഥിത്വം ജില്ല കമ്മിറ്റി അംഗീകരിക്കുന്നതോടെ ഔദ്യോഗികമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കും. രണ്ട് തവണ ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ നിന്നും ജയിച്ചുവന്ന മണിക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ടെങ്കിലും ഇത് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടാകുമെന്ന് പാർട്ടി നേതൃത്വം കരുതുന്നില്ല. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ കനത്ത തിരിച്ചടിയാണ് പാർട്ടിക്ക് പ്രദേശങ്ങളിൽ നേരിടേണ്ടി വന്നത്.

എന്നാൽ ഈ തിരിച്ചടി മറികടക്കാൻ മണിയുടെ ജനപ്രീതി സഹായിക്കുമെന്ന് ജില്ലാ കമ്മിറ്റി വാദിച്ചെങ്കിലും സംസ്ഥാന കമ്മിറ്റി ഇത് അംഗീകരിക്കാൻ തയ്യാറായില്ല. അതേസമയം, സി.പി.എമ്മിൽ സീറ്റുവിഭജന ചർച്ചകൾ അവസാനഘട്ടത്തിലാണ്. അടുത്തയാഴ്ചയോടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കാനാണ് സി.പി.എം പദ്ധതി.

Tags:    
News Summary - MM Mani will not contest in assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.